ബെംഗളുരു: നാല് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥിന്റെ മൊഴി. സുചനയുടെ കയ്യിൽ കത്തി കൊണ്ട് വരച്ചതിന്റെ പാടുകളുണ്ട്. കുഞ്ഞിനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും സുചന പൊലീസിന് മൊഴി നൽകി.
തിങ്കളാഴ്ച ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചതെന്നാണ് ഓട്ടോപ്സി റിപ്പോർട്ടിലെ കണ്ടെത്തൽ. മകനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തിൽ തലയിണ എടുത്ത് മുഖത്ത് അമർത്തിയതാണ് എന്നുമാണ് സുചന പൊലീസിനോട് പറഞ്ഞത്. കുഞ്ഞ് മരിച്ചെന്ന് കണ്ടപ്പോൾ പരിഭ്രാന്തയായി. കുറേ നേരം കുഞ്ഞിനരികെ ഇരുന്നു. പിന്നെ കത്തിയെടുത്ത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോർത്ത് ഗോവയിലെ കോണ്ടോലിമിലുള്ള സർവീസ് അപ്പാർട്ട്മെന്റിലെ കിടക്കയിൽ കണ്ട രക്തക്കറ സുചനയുടെ തന്നെ രക്തമാണെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ അച്ഛനും കുടുംബവും കാണാതിരിക്കാനാണ് ഗോവയിലേക്ക് പോയതെന്നാണ് സുചന പറയുന്നത്.
2010-ലാണ് സുചനയും ഭർത്താവ് വെങ്കട്ട രമണനും വിവാഹിതരായത്. 2019-ലാണ് കുഞ്ഞ് ജനിക്കുന്നത്. പിന്നീട് ഇരുവരും പിരിഞ്ഞു. വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്. ജനുവരി 8-ന് വെങ്കട്ടരമണൻ ജക്കാർത്തയിൽ നിന്ന് കുഞ്ഞുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നതാണ്. പിന്നെ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. മരണവിവരം അറിഞ്ഞ് വെങ്കട്ട രമണൻ ഇന്നലെ തന്നെ ചിത്രദുർഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുലർച്ചെ വെങ്കട്ടരമണന് വിട്ട് നൽകി.
വെങ്കട്ടരമണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹവുമായി കുടുംബം ബെംഗളുരുവിലേക്ക് തിരിക്കും. സംസ്കാരച്ചടങ്ങുകൾ ഇന്ന് രാത്രി വൈകി ബെംഗളുരുവിലെ ഹരിശ്ചന്ദ്ര ഘാട്ടിൽ നടക്കുമെന്നാണ് വിവരം. ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട സുചനയെ കൂടുതൽ ചോദ്യം ചെയ്യുകയാണ് പൊലീസ്. തെളിവെടുപ്പടക്കമുള്ള നടപടികളിലേക്ക് പിന്നീട് കടക്കുമെന്നും പൊലീസ് അറിയിച്ചു.
Last Updated Jan 10, 2024, 7:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]