6:22 PM IST:
ആലപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ പുലിയൂർ സ്വദേശി രഞ്ജിത്ത് ജി.നായർ ആണ് മരിച്ചത്. 31 വയസായിരുന്നു. മകൻ മരിച്ച വിവരം ഒപ്പമുണ്ടായിരുന്ന അച്ഛൻ ആരോടും പറഞ്ഞില്ല. വൈകുന്നേരം വീട്ടിലെത്തിയ ബന്ധുക്കളാണ് അഴുകിയ മൃതദേഹം കണ്ടത്.
6:22 PM IST:
തിരുവനന്തപുരം ലോ അക്കാദമിയിൽ എബിവിപി – എസ്എഫ്ഐ സംഘർഷം. വിദ്യാർത്ഥിയുടെ റാഗിംഗ് പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥി എസ്. അർജുനെ എസ്എഫ്ഐക്കാർ റാഗ് ചെയ്തെന്നാരുന്നു പരാതി.
2:02 PM IST:
മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം.
2:02 PM IST:
മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അങ്ങാടിക്കൽ വടക്ക് തുണ്ടിയിൽ പടിയിൽ ആണ് സംഭവം. രാധാകൃഷ്ണൻ (55) എന്നയാളെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട കൊടുമൺ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. അതേ സമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
2:01 PM IST:
തമിഴ്നാട്ടിലെ ആഗോള നിക്ഷേപസംഗമത്തിന്റെ രണ്ടാം ദിനവും നിക്ഷേപ പ്രഖ്യാപനങ്ങൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിന് വിവിധ കമ്പനികളുമായി കരാറിലൊപ്പിട്ടു. നിക്ഷേപ സംഗമത്തിന്റെ സമാപന ചടങ്ങില്‍ ആകെ ലഭിച്ച നിക്ഷേപങ്ങള്‍ പ്രഖ്യാപിക്കുമെന്ന് എം.കെ സ്റ്റാലിന് പറഞ്ഞു. നിക്ഷേപ സംഗമത്തിന്റെ രണ്ടാദിനമായ ഇന്ന് തമിഴ്നാട്ടില്‍ 31,000 കോടി രൂപയുടെ നിക്ഷേപം സിംഗപ്പൂർ സർക്കാർ പ്രഖ്യാപിച്ചു. 1250 കോടി രൂപ ചിലവിൽ റാണിപ്പെട്ടിൽ യൂണിറ്റ് തുടങ്ങുമെന്നാണ് തായ്വാനീസ് പാദരക്ഷ നിർമാതക്കളായ ഹോങ് ഫുവിന്റെ വാഗ്ദാനം. ടൈറ്റൻ എഞ്ചിനീയറിംഗ് 430 കോടിയുടെ നിക്ഷേപത്തിനുള്ള ധാരണപത്രം ഒപ്പിടും. ഇന്ന് വൈകിട്ട് നാലരയ്ക്ക് തുടങ്ങുന്ന സമാപന ചടങ്ങിൽ ആകെ ധാരണപാത്രങ്ങൾ എത്ര എന്നതടക്കം പ്രഖ്യാപിക്കും
2:00 PM IST:
സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.
1:59 PM IST:
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. ബന്ധുക്കളായ ആറുപേരെ കൊലപ്പെടത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം. വിചാരണ നിർത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്
10:58 AM IST:
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളം ആണ് മരിച്ചത്. ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
10:41 AM IST:
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശ കാര്യ മന്ത്രാലയത്തിലെത്തിയത്. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ മാലദ്വീപ് ഹൈ കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈകമ്മീഷണർ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. മിനിറ്റുകൾക്കകം മാലദ്വീപ് ഹൈ കമ്മീഷണർ വിദേശകാര്യ മന്ത്രാലയത്തിൽനിന്നും മടങ്ങി.
9:05 AM IST:
സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോർട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്നാണ് വനം വകുപ്പ് പുറത്തുവിട്ട 2021–22 ലെ വാർഷിക ഭരണ റിപ്പോർട്ടിൽ പറയുന്നത്.
9:04 AM IST:
കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അഭിഭാഷകരായ ബിജു പി. രാമന്, കെ. ആര്. സുഭാഷ് ചന്ദ്രന് എന്നിവരാണ് പ്രിയ വർഗീസിനായി സത്യവാങ്മൂലം ഫയല്‍ചെയ്തത്.
9:03 AM IST:
കടമെടുപ്പ് പരിധിയിലെ കടുംവെട്ട് അടക്കം കേന്ദ്ര നടപടികൾ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാക്കിയ സംസ്ഥാനത്ത് വികസന പദ്ധതികളുടെ നടത്തിപ്പും കടുത്ത പ്രതിസന്ധിയിൽ. സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുത്തിട്ടും പദ്ധതി ചെലവ് പകുതി പോലും ആയിട്ടില്ല. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ എട്ട് ശതമാനം കുറവെങ്കിലും, പ്ലാനിൽ മാറ്റം വരുത്താനാണ് നിലവിൽ സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നാണ് വിവരം.
9:03 AM IST:
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് നേതാക്കളുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ഈസ്മൈട്രിപ്പ്. കോം. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്.കോം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാർ മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാലദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്.
6:54 AM IST:
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ചാണ് വിധി പറയുന്നത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും ടി.എം.സി നേതാവ് മഹുവ മൊയ്ത്രയും അടക്കംസമർപ്പിച്ച ഹർജികളിലാണ് കോടതി വാദം കേട്ടു ഇന്ന് വിധി പറയുക.
6:54 AM IST:
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.
6:53 AM IST:
സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ
തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി.