സിഡ്നി: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റനാക്കി 13 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസീസിന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത നായകന് പാറ്റ് കമ്മിന്‍സിനും ദക്ഷിണാഫ്രിക്കയില്‍ ടീമിനെ നയിച്ച ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനും സ്റ്റാര്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും ജോഷ് ഹേസല്‍വുഡിനും വിന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ഫെബ്രുവരി രണ്ടിന് മെല്‍ബണ്‍, നാലിന് സിഡ്നി, ആറിന് മനൂക ഓവല്‍ എന്നിവിടങ്ങളിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക.
സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, നേഥന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡീ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്, ഗ്ലെന്‍ മാക്സ്വെല്, ലാന്‍സ് മോറിസ്, ജേ റിച്ചാര്ഡ്സണ്, മാറ്റ് ഷോര്‍ട്, ആദം സാംപ എന്നിവരടങ്ങുന്നതാണ് ഓസ്ട്രേലിയയുടെ ഏകദിന സ്ക്വാഡ്. ഏകദിന ലോകകപ്പില്‍ ഓസീസിന്റെ വിജയശില്പിയായ ട്രാവിസ് ഹെഡാണ് വൈസ് ക്യാപ്റ്റന്‍. 2025ല്‍ പാകിസ്ഥാന് വേദിയാവുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി യുവതാരങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ടീമിനെയാണ് ഓസീസ് സെലക്ടര്‍മാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
പേസര്‍ ലാന്‍സ് മോറിസിന് ഇതാദ്യമായാണ് ഏകദിന ക്ഷണം ലഭിക്കുന്നത്. ലോകകപ്പ് നേടിയ സ്ക്വാഡിലുണ്ടായിരുന്നുവെങ്കിലും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന് ടീമിലെ സ്ഥാനം നഷ്ടമായി. ലോകകപ്പിന്റെ ഒടുവില്‍ താരത്തിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു. പേസര്‍ ജേ റിച്ചാര്‍ഡ്സണിന്റെ തിരിച്ചുവരവും ആരോണ്‍ ഹാര്‍ഡീ, മാറ്റ് ഷോര്‍ട്, നേഥന്‍ എല്ലിസ് എന്നിവരുടെ സാന്നിധ്യവും വരുംകാല ഓസീസ് ഏകദിന ടീമിനെ സൂചിപ്പിക്കുന്നുവെന്നാണ് ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്ലി നല്കുന്ന സൂചന. സ്മിത്ത് അടക്കമുള്ള പരിചയസമ്പന്നരായ താരങ്ങളുടെ കീഴില്‍ യുവനിരയെ സജ്ജമാക്കുകയാണ് ഓസീസിന്റെ പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Jan 10, 2024, 8:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]