
വിദ്യാഭ്യാസം വെറും സ്വപ്നമായി തുടരുന്ന അനേകം കുഞ്ഞുങ്ങൾ ഇന്നും നമ്മുടെ ഇന്ത്യയിലുണ്ട്. അത് തന്നെയായിരുന്നു യുപിയിലെ ഈ ഗോത്രവിഭാഗത്തിൽ നിന്നുള്ള കുഞ്ഞുങ്ങളുടെയും അവസ്ഥ. നാടോടികളായി, യാചിച്ച് കഴിയുന്ന ഈ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് അതിനുള്ള ആഗ്രഹമോ കഴിവോ ഇല്ലാഞ്ഞിട്ടല്ല. മറിച്ച് സാമൂഹികവും സാമ്പത്തികവുമായ വിവിധ കാരണങ്ങൾ കൊണ്ടാണ്. എന്നാൽ, അവർക്കിടയിലേക്ക് ഒരു അധ്യാപിക കടന്നുവന്നു. അവരുടെ ജീവിതത്തിലേക്ക് പുതുവെളിച്ചം കടത്താനും അവർക്കൊരു വഴി കാണിച്ചുകൊടുക്കാനും.
ബജെറ പ്രൈമറി സ്കൂളിലെ അധ്യാപികയാണ് സീത ത്രിവേദി. സീതയ്ക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ചുമതല കിട്ടി. കുട്ടികളുടെ സെൻസസ് എടുക്കണം. അടുത്തുള്ള ഒരു ഗ്രാമത്തിലെത്തിയപ്പോൾ അവിടെ ഒരാൾ അവളെ തടഞ്ഞു. ആ ഗ്രാമത്തിലേക്ക് പോകേണ്ടതില്ല എന്നായിരുന്നു അയാൾ പറഞ്ഞത്. ഒരു പ്രത്യേക ഗോത്രവിഭാഗമായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ആ ഗോത്രവിഭാഗത്തിൽ പെട്ടവർ അക്രോബാറ്റ്സിലൂടെയും യാചിച്ചും ഒക്കെയാണ് കഴിഞ്ഞിരുന്നത്. അവിടുത്തെ കുട്ടികളൊന്നും തന്നെ വിദ്യാഭ്യാസം നേടിയിരുന്നില്ല.
എന്നാൽ, താൻ എന്തായാലും ആ ഗ്രാമത്തിൽ പോകും എന്നതായിരുന്നു സീതയുടെ തീരുമാനം. അവൾ അവിടെ ചെന്നു. അവിടെ കുട്ടികളാരും തന്നെ സ്കൂളിൽ പോകുന്നില്ല എന്നും മറിച്ച് അച്ഛനമ്മമാരെ സഹായിക്കുകയാണ് എന്നും അവൾക്ക് മനസിലായി. സീത ഓരോ വീട്ടിലും പോയി അവിടെയുള്ളവരോട് കുട്ടികളെ സ്കൂളിൽ അയക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തി. ആദ്യം കുറേ പ്രതിരോധിച്ചുവെങ്കിലും കുട്ടികളുടെ രക്ഷിതാക്കൾക്ക് പതിയെ കാര്യങ്ങൾ ബോധ്യപ്പെട്ടു. കുട്ടികളെ സ്കൂളിലയക്കാൻ രക്ഷിതാക്കൾ സമ്മതിച്ചു.
എന്നാൽ, അവിടം കൊണ്ടും പ്രശ്നങ്ങൾ തീർന്നില്ല. ജാതീയത ഇല്ലെന്ന് എത്ര പറഞ്ഞാലും ഇന്നും ജാതീയത കൊടികുത്തിവാഴുന്ന രാജ്യം തന്നെയാണ് ഇന്ത്യ. ജാതീയമായ വിവേചനമായിരുന്നു ഈ കുട്ടികളും സീതയും നേരിട്ട മറ്റൊരു പ്രതിസന്ധി. സീത മറ്റ് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു ഈ കുട്ടികളോട് വിവേചനം കാണിക്കരുത് എന്ന് സ്വന്തം കുട്ടികളോട് പറയണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ, ആ രക്ഷിതാക്കളുടെ സഹായത്തോടെ വിവേചനം എന്ന കടമ്പയും സീതയും കുട്ടികളും കടന്നു. ഈ കുട്ടികൾക്ക് വേണ്ട പുസ്തകങ്ങളും വസ്ത്രങ്ങളും സീത തന്നെ എത്തിച്ചു നൽകി.
ഇന്ന് ഈ കുഞ്ഞുങ്ങളെല്ലാം സ്കൂളിൽ പോകുന്നു. 40 -ലധികം വിദ്യാർത്ഥികളാണ് സീതയുടെ ശ്രമഫലമായി സ്കൂളിലെത്തിയത്. ഉന്നതാധികാരികൾ അടക്കം സീതയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. സീതയെ പോലുള്ള അധ്യാപകരെയാണ് നമുക്കാവശ്യം അല്ലേ?
Last Updated Jan 9, 2024, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]