
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മ്യൂണിക് – എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും അമേരിക്കയില്‍ ഫുട്ബോള്‍ വേരു പിടിക്കുമ്പോള്‍ അതിന് വെള്ളവും വളവും നല്കിയ കളിക്കാരനായിരുന്നു ഫ്രാന്‍സ് ബെക്കന്‍ബവര്‍. പെലെയോടൊപ്പം അദ്ദേഹം ന്യൂയോര്‍ക്ക് കോസ്മോസില്‍ കളിച്ചു. അമേരിക്കയിലേക്ക് പോവാന്‍ ബെക്കന്‍ബവര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ക്ലബ്ബധികൃതര്‍ പാനാം ബില്‍ഡിംഗില്‍ നിന്ന് മാന്‍ഹട്ടന്‍ കുറുകെ ന്യൂജഴ്സിയിലെ ജയന്റ്സ് സ്റ്റേഡിയത്തിലേക്ക് ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോയതാണ് തന്റെ മനസ്സ് മാറ്റിയതെന്ന് ബെക്കന്‍ബവര്‍ പറഞ്ഞിരുന്നു. യൂറോപ്പിലൊന്നും കാണാത്ത ഏറ്റവും ആധുനിക സ്റ്റേഡിയമായിരുന്നു അത്. അത് കണ്ടപ്പോള്‍, ഞാന്‍ വരുന്നൂ എന്ന് മനസ്സില്‍ പറഞ്ഞു -ബെക്കന്‍ബവര്‍ ഒരിക്കല്‍ അനുസ്മരിച്ചു.
കോസ്മോസിലെ സഹ കളിക്കാരായ പെലെ, കാര്‍ലോസ് ആല്‍ബര്‍ടൊ എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ പ്രശസ്തമായ സ്റ്റുഡിയൊ 54 നിശാ ക്ലബ്ബ് സന്ദര്‍ശിച്ചിരുന്ന കാര്യം അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. രണ്ട് ഘട്ടങ്ങളിലായി കോസ്മോസിന് കളിച്ചു.
1977 സെപ്റ്റംബര്‍ 24 ന് പെലെയുടെ ന്യൂയോര്‍ക്ക് കോസ്മോസ് കല്‍ക്കത്തയില്‍ കളിക്കാനെത്തിയിരുന്നു. പെലെയും ഇറ്റാലിയന്‍ താരം ജോര്‍ജിയൊ ചിനാഗ്ലിയയും ആ ടീമിലുണ്ടായിരുന്നുവെങ്കിലും ബെക്കന്‍ബവര്‍ വന്നില്ല.
മ്യൂണിക്കിലെ തൊഴിലാളി വര്‍ഗ കുടുംബത്തിലാണ് 1945 സെപ്റ്റംബര്‍ 11 ന് ബെക്കന്‍ബവര്‍ ജനിച്ചത്. രണ്ടാം ലോക യുദ്ധത്തില്‍ ജര്‍മനി അടിയറവ് പറഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഇന്‍ഷുറന്‍സ് സെയ്ല്സ്മാനാവാനാണ് പഠിച്ചത്. എന്നാല്‍ പതിനെട്ടാം വയസ്സില്‍ ബയേണ്‍ മ്യൂണിക്കുമായി കരാറൊപ്പിട്ടതോടെ ചരിത്രം വഴി മാറി.
1984 ല്‍ പശ്ചിമ ജര്‍മനി യൂറോ കപ്പില്‍ നിരാശപ്പെടുത്തിയപ്പോഴാണ് പരിശീലകനായി ബെക്കന്‍ബവറെ വിളിച്ചത്. കോച്ചിംഗില്‍ അദ്ദേഹത്തിന് ഒരു പരിചയവുമുണ്ടായിരുന്നില്ല. 1986 ലെ ലോകകപ്പില്‍ ജര്‍മനി ഫൈനലിലെത്തി, ഡിയേഗൊ മറഡോണയുടെ അര്‍ജന്റീനയോടാണ് തോറ്റത്. 1990 ല്‍ മറഡോണയുടെ അര്‍ജന്റീനയെ ഫൈനലില്‍ തോല്പിച്ച് കിരീടം നേടി. അതിന് ഒരു വര്‍ഷം മുമ്പാണ് ജര്‍മനികളെ വേറിട്ടുനിര്‍ത്തിയ ബെര്‍ലിന്‍ മതില് പൊളിഞ്ഞത്. പശ്ചിമ ജര്‍മനിയെന്ന പേരില്‍ അവസാനം കളിച്ച മത്സരമായിരുന്നു ആ ഫൈനല്‍. മാഴ്സെ, ബയേണ്‍ ടീമുകളെയും പരിശീലിപ്പിച്ചു.
യാത്രകളെ സ്നേഹിച്ച വ്യക്തിയായിരുന്നു ബെക്കന്‍ബവര്‍. 2006 ല്‍ ജര്‍മനി ലോകകപ്പ് നടത്തിയപ്പോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയ 31 രാജ്യങ്ങളും സന്ദര്‍ശിച്ചു.