

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സമൂഹമാദ്ധ്യമ ലോകത്ത് തരംഗമായി ലക്ഷദ്വീപ്. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗൂഗിളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം പേർ ലക്ഷദ്വീപ് ഗൂഗിളിൽ തിരയുന്നത്. ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക് മൈ ട്രിപ്പിലും ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണത്തിൽ 3,400 ശതമാനം വർദ്ധനവുണ്ടായതായി കമ്പനി അറിയിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം പ്രകൃതി രമണീയമായ ദ്വീപുകളിലേയ്ക്കുള്ള വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകിയെന്ന് മേക്ക് മൈ ട്രിപ്പ് കമ്പനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ലക്ഷദ്വീപിന്റെ മണൽത്തരികളിലൂടെ പ്രധാനമന്ത്രി നടക്കുന്നതിന്റെയും, കടലിലേക്ക് നോക്കി നിൽക്കുന്നതിന്റെയും ,ദ്വീപിന്റെ ആകാശദൃശ്യവുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ തരംഗം സൃഷ്ടിച്ചിരുന്നു.