ന്യൂഡൽഹി: പ്രശസ്ത ബ്രിട്ടീഷ് നടി ഗ്ലൈനിസ് ജോൺസ് നൂറാം വയസിൽ അന്തരിച്ചു. വ്യാഴാഴ്ചയാണ് മരണം നടന്നതെന്ന് നടിയുടെ മാനേജർ മിച്ച് ക്ലെം സ്ഥിരീകരിച്ചു. ഹോളിവുഡിന് ഇത് ഇരുണ്ടദിനം എന്നാണ് അദ്ദേഹം പ്രസ്താവനയിൽ അഭിപ്രായപ്പെട്ടത്.
1964-ൽ പുറത്തിറങ്ങിയ മേരി പോപ്പിൻസ് എന്ന ചിത്രത്തിലെ വിനിഫ്രെഡ് ബാങ്ക്സ് എന്ന കഥാപാത്രമാണ് ഗ്ലൈനിസ് ജോൺസിനെ അതിപ്രശസ്തയാക്കിയത്. അവരുടെ വെളിച്ചം 100 വർഷക്കാലം നീണ്ടുനിന്നു. അവരുടെ വേർപാടിൽ മാത്രമല്ല, ഹോളിവുഡിന്റെ സുവർണ കാലഘട്ടം അവസാനിച്ചു എന്നതിൽക്കൂടിയാണ് ഈയവസരത്തിൽ കണ്ണുനീർ പൊഴിക്കുന്നതെന്ന് മിച്ച് ക്ലം പ്രസ്താവനയിൽ പറഞ്ഞു.
പേരക്കുട്ടി തോമസ് ഫോർവുഡിനും അദ്ദേഹത്തിന്റെ പേരക്കുട്ടികൾക്കുമൊപ്പമാണ് നടി കഴിഞ്ഞിരുന്നത്. യു.കെയിൽ പിതാവും നടനുമായ മെർവിൻ ജോൺസിന്റെ സെമിത്തേരിയോടു ചേർന്നായിരിക്കും ഗ്ലൈനിസിനും അന്ത്യവിശ്രമം നൽകുക എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
60 വർഷം നീണ്ടുനിന്ന സിനിമാജീവിതമായിരുന്നു ഗ്ലൈനിസിന്റേത്. 1923-ഒക്ടോബർ അഞ്ചിന് ദക്ഷിണാഫ്രിക്കയിലായിരുന്നു അവരുടെ ജനനം. 1948-ൽ മത്സ്യകന്യകയായ മിറാൻഡയുടെ വേഷമിട്ടതോടെയാണ് ഗൈനിസിന്റെ ജീവിതം മാറിമറിഞ്ഞത്. 1960-ൽ ദ സൺഡൗണേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരത്തിനും അവർ നാമനിർദേശം ചെയ്യപ്പെട്ടു.
ബാറ്റ്മാൻ, ഗ്ലൈനിസ് എന്നീ ടെലിവിഷൻ ഷോകളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. വൈൽ യു വേർ സ്ലീപ്പിങ്, സൂപ്പർ സ്റ്റാർ എന്നീ ചിത്രങ്ങളിലായിരുന്നു അവസാനം അഭിനയിച്ചത്. ഇതിനുശേഷം അഭിനയജീവിതം അവസാനിപ്പിച്ച അവർ ഹോളിവുഡിലെ വസതിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]