മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്സൂം മാജിദ് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ച പോസ്റ്റിനെത്തുടർന്നുണ്ടായ വിവാദം പുതിയ തലത്തിലേക്ക്. ലക്ഷദ്വീപിനെ പിന്തുണച്ചും മാലദ്വീപിനെതിരെ ബഹിഷ്കരണാഹ്വാനവുമായും ബോളിവുഡ് താരങ്ങൾ രംഗത്തെത്തി. ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തിൽ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നുമായിരുന്നു മാജിദ് പറഞ്ഞത്. മന്ത്രിയുടെ എക്സ് പോസ്റ്റ് ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടതിനുപിന്നാലെയാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽപേരെ സ്വാഗതം ചെയ്തുകൊണ്ട് പ്രമുഖർ രംഗത്തെത്തിയത്.
ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാറാണ് ഈ വിഷയത്തിൽ ആദ്യം പ്രതികരണവുമായെത്തിയത്. മാലദ്വീപിൽ നിന്നുള്ള പ്രമുഖരായ വ്യക്തികൾ ഇന്ത്യക്കാർക്കെതിരെ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി വിനോദസഞ്ചാരികളെ അയക്കുന്ന ഒരു രാജ്യത്തോടാണ് അവർ ഇത് ചെയ്യുന്നതെന്നത് ആശ്ചര്യകരമാണ്. നമ്മൾ നമ്മുടെ അയൽക്കാരോട് നല്ലരീതിയിലാണ്. പക്ഷേ പ്രകോപനമില്ലാത്ത ഇത്തരം വിദ്വേഷം നമ്മൾ എന്തിന് സഹിക്കണമെന്ന് അദ്ദേഹം ചോദിച്ചു. താൻ പലതവണ മാലദ്വീപ് സന്ദർശിച്ചിട്ടുണ്ട്, എല്ലായ്പ്പോഴും അതിനെ പുകഴ്ത്തിയിട്ടുമുണ്ട്, എന്നാൽ അന്തസ്സാണ് ആദ്യം. ഇന്ത്യൻ ദ്വീപുകൾ പര്യവേക്ഷണം ചെയ്യാനും നമ്മുടെ സ്വന്തം വിനോദസഞ്ചാരമേഖലയെ പിന്തുണയ്ക്കാനും നമുക്ക് തീരുമാനിക്കാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
നടൻ ജോൺ എബ്രഹാമാണ് ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയ മറ്റൊരാൾ. ലക്ഷദ്വീപിലെ ജനങ്ങളുടെ ആതിഥ്യമര്യാദയേയും മറൈൻ ലൈഫിനേക്കുറിച്ചുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. “അത്ഭുതകരമായ ഇന്ത്യൻ ആതിഥ്യമര്യാദ, ‘അതിഥി ദേവോ ഭവ’ എന്ന ആശയം, പര്യവേക്ഷണം ചെയ്യേണ്ടിയിരിക്കുന്ന വിശാലമായ മറൈൻ ലൈഫും. ലക്ഷ്വദീപ് പോകേണ്ട സ്ഥലമാണ്,” അദ്ദേഹം എഴുതി.
ഈ വർഷം യാത്രപോകാൻ എന്തുകൊണ്ട് ഇന്ത്യൻ ദ്വീപുകൾ തിരഞ്ഞെടുത്തുകൂടാ എന്നാണ് നടി ശ്രദ്ധാ കപൂർ ചോദിക്കുന്നത്. ലക്ഷദ്വീപിൽ അതിമനോഹരമായ ബീച്ചുകളും തീരപ്രദേശങ്ങളും ഉണ്ട്. പ്രാദേശിക സംസ്കാരം അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ശ്രദ്ധ എക്സിൽ കുറിച്ചു. ലക്ഷദ്വീപിന്റെ മനോഹരമായ ഏതാനും ചിത്രങ്ങളും ശ്രദ്ധ കുറിപ്പിനൊപ്പം പങ്കുവെച്ചു.
സൂപ്പർതാരം സൽമാൻ ഖാനും ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ ആവോളം പുകഴ്ത്തിയിരിക്കുകയാണ്. “നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രഭായി മോദിയെ ലക്ഷദ്വീപിലെ മനോഹരമായ വൃത്തിയുള്ളതും അതിശയകരവുമായ ബീച്ചുകളിൽ കാണുന്നത് വളരെ രസകരമാണ്, ഏറ്റവും നല്ല ഭാഗം ഇത് നമ്മുടെ ഇന്ത്യയിൽ ആണെന്നതാണ്.” അദ്ദേഹം എഴുതി.
ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വൻതോതിലുള്ള തർക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാലദ്വീപ് മന്ത്രിയുടെ പ്രതികരണവും. മാലദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]