ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രതിഭാസമാണ് അമാനുഷികത. ഒരു വിഭാഗം ആളുകൾ അമാനുഷികത എന്നൊന്ന് ഇല്ലെന്നും, അത് തീർത്തും മനുഷ്യന്റെ സങ്കല്പസൃഷ്ടിയാണെന്നുമാണ് വിശ്വസിക്കുന്നത്. എന്നാൽ, മറ്റൊരു വിഭാഗമാകട്ടെ ചില നിഗൂഢതകൾ എവിടെയൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ടെന്നും അമാനുഷികമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഒക്കെ അഭിപ്രായപ്പെടുന്നു. ഇതിൽ ഏതാണ് ശരി എന്ന് ചോദിച്ചാൽ ഇത്തരം നിഗൂഢമായ കാര്യങ്ങളെ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ല. പക്ഷേ, ഇന്നും മനുഷ്യൻറെ ചർച്ചകളിൽ ഈ വിഷയം സജീവമാണ്. നമ്മുടെ അയൽരാജ്യമായ പാകിസ്ഥാനിൽ സമാനമായ നിഗൂഢതകൾ നിറഞ്ഞ ഒരു പ്രദേശമുണ്ട്, കറാച്ചിയിലെ ഹൗസ് നമ്പർ 39-K.
പതിറ്റാണ്ടുകളായി ഈ വീട് ഒഴിഞ്ഞു കിടക്കുകയാണെങ്കിലും വീടിനു ചുറ്റും തിളങ്ങുന്ന വെളിച്ചത്തിന്റെ സാന്നിധ്യം പലപ്പോഴും കാണാറുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. മാത്രമല്ല വെള്ള വസ്ത്രധാരിയായ ഒരു സ്ത്രീയെ ഈ വീടിനോട് ചേർന്നുള്ള തെരുവിൽ കണ്ടതായും ആ രൂപം പെട്ടെന്ന് അപ്രത്യക്ഷമായതായും പ്രദേശവാസികളായ നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, ഇവയിൽ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല.
പാക്കിസ്ഥാനിലെ നിരവധി മാധ്യമങ്ങളിൽ ഇതിനോടകം കറാച്ചിയിലെ ഹൗസ് നമ്പർ 39-Kയും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, സഹകരണ ജീവനക്കാർക്കായി ഈ വീടിന്റെ സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ഹൗസിംഗ് സൊസൈറ്റി സ്ഥാപിച്ചു. തുടർന്ന് നിരവധി ആളുകളെ അവിടുത്തെ താമസിപ്പിച്ചു. പക്ഷേ, ആ വീടുകൾക്കിടയിലെ 39-കെ എന്ന വീട് മാത്രം ആരും താമസിക്കാൻ ഇല്ലാതെ ശൂന്യമായി കിടന്നു. ഒരു രാത്രി ആ വീടിനുള്ളിൽ നിന്നും അസാധാരണമാം വിധമുള്ള ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. അപ്പോൾ അവിടെ വെളുത്ത വസ്ത്രം ധരിച്ച ഒരു വിളറിയ സ്ത്രീയെ സമീപ വീടുകളിൽ താമസിച്ചിരുന്നവർ കണ്ടുവത്രേ. താമസിയാതെ ഈ വാർത്ത നാട്ടിൽ എങ്ങും പരന്നു. അതോടെ ആ ഹൗസിംഗ് കോളനിയിൽ നിന്നും താമസക്കാർ കൂട്ടത്തോടെ വീട് ഒഴിഞ്ഞു പോയി.
അതോടെ ആ സ്ഥലം പൂർണ്ണമായും വിജനമായി. പകൽ സമയങ്ങളിൽ ആളുകൾ പുറമേ നിന്ന് കെട്ടിടം നിരീക്ഷിക്കുന്നത് ഒഴിച്ചാൽ മറ്റൊരു ജനസാന്നിധ്യവും പിന്നീട് അവിടെ ഉണ്ടായില്ല. ഇപ്പോഴും പല രാത്രികളിലും ഈ വീട്ടിനുള്ളിൽ പ്രകാശം കാണാറുണ്ട് എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ ഭയന്ന് ആരും അവിടേക്ക് പോകാറില്ല. ഇന്ന് കറാച്ചിയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി ഇത് മാറിയെങ്കിലും പകൽ സമയങ്ങളിൽ മാത്രമാണ് ആളുകൾ വീടിനെ വെളിയിൽ നിന്ന് കാണുന്നത്. രാത്രിസമയത്ത് പരിസരത്ത് പോകാൻ ആരും ധൈര്യപ്പെടുന്നില്ല.
വീട്ടിൽ വസിക്കുന്ന ‘ആത്മാവി’നെക്കുറിച്ച് സ്ഥിരീകരിക്കാത്ത നിരവധി കഥകളുണ്ട്, അതിൽ ഏറ്റവും പ്രസിദ്ധമായത് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി വീട്ടിലേക്ക് കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് കൊല്ലുകയും വീട്ടിൽ തന്നെ കുഴിച്ചിടുകയും ചെയ്തിരുന്നു. അവരുടേതാണ് ആ ‘ആത്മാവ്’ എന്നതാണ്. എന്നാൽ, ശരിക്കും ഈ കെട്ടുകഥ ഉത്ഭവിച്ചത് എവിടെ നിന്നാണ് എന്നത് ഇതുവരേയും വ്യക്തമല്ല.
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Jan 7, 2024, 2:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]