മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടി20 ടീമില്‍ തിരിച്ചെത്തിയേക്കും. ഈ മാസം 11നാണ് ടി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും പരിക്കുമൂലം പുറത്തായതിനാല്‍ മലയാളി താരം സഞ്ജു സാംസണെ ടീമിനെ തിരിച്ചുവിളിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു സഞ്ജു.
ഹാര്‍ദിക്, സൂര്യ എന്നിവരുടെ അഭാവത്തില്‍ രോഹിത് ക്യാപ്റ്റനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. 2022ലെ ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ വിരാട് കോലിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തടസമുണ്ടാകില്ല. എന്നാല്‍ രോഹിത് തിരിച്ചെത്തിയാല്‍ ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍-യശസ്വി ജയ്സ്വാള്‍ സഖ്യം പൊളിക്കേണ്ടിവരും. ഗില്ലിനെ നാലാം നമ്പറിലോ മൂന്നാം നമ്പറിലോ പരീക്ഷിക്കേണ്ടിവരും.
റുതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന് ജിതേഷ് ശര്‍മ, റിങ്കു സിംഗ് എന്നിവരും ടി20 ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ കളിച്ച പേസര്‍ ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് സിറാജിനും ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ തിളങ്ങിയ പേസര്‍ മുഹമ്മദ് ഷമി തിരിച്ചെത്താനും സാധ്യത കുറവാണ്.
അഫ്ഗാനെതിരായ ടി20 പരമ്പരക്കുശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ മുകേഷ് കുമാറും അര്‍ഷ്ദീപ് സിംഗും ദീപക് ചാഹറും പേസര്‍മാരായി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]