‘ജീവനെടുക്കുന്ന മരുന്നുകള്‍’..!മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍;മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍.മരുന്നുകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളുമായി സംസ്ഥാന സര്‍ക്കാരും.
സ്വന്തം ലേഖിക
രോഗം മാറാനുള്ള മരുന്നുകള്‍ തന്നെ ജീവൻ എടുക്കുമെന്ന ആശങ്കയുണ്ടായാലോ അത്തരമൊരാശങ്കയിലൂടെയാണ് പൊതുസമൂഹം കടന്നുപോകുന്നത്.
ഇന്ത്യൻ നിര്‍മിത മരുന്നുകളില്‍ പലതിലും മരണത്തിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിയെന്നും മരണമടക്കമുള്ളവ സംഭവിച്ചെന്നുമുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരും ആന്റി ബയോടിക്കുകളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കേരള സര്‍ക്കാരും ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യൻ നിര്‍മിത കഫ് സിറപ്പുകള്‍ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കഫ് സിറപ്പ് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുതെന്ന് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആംബ്രോണോള്‍ സിറപ്പ്, ഡോക്ക്-1 മാക്സ് സിറപ്പ് എന്നീ കഫ് സിറപ്പുകളാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്
മരുന്നുകളില്‍ അസ്വീകാര്യമായ അളവില്‍ ഡൈഎത്തിലീൻ ഗ്ലൈക്കോള്‍, എഥിലീൻ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ഡബ്ല്യൂഎച്ച്ഒ അറിയിച്ചിരുന്നു. ഇതോടെ മരുന്നുകളുടെ നിര്‍മാണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യൻ മരുന്നുകള്‍ക്ക് എതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ നടപടി.
‘ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അവയുടെ ഉദ്ദേശിച്ച ഉപയോഗത്തിന് അനുയോജ്യമാണെന്നും ലൈസൻസിന്റെ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും പര്യാപ്തമായ സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുകയും ഇവ രോഗികളെ അപകടത്തിലാക്കുന്നില്ലെന്നും ഉറപ്പാക്കാൻ നിര്‍മ്മാതാവ് അവയുടെ ഗുണനിലവാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം,’ എന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
മരുന്നുകള്‍ പരിശോധന നടത്തി അവയിലെ ചേരുവകളെ കുറിച്ചുള്ള പരിശോധനയും പാസായാല്‍ മാത്രമേ കമ്ബനികള്‍ ഉല്‍പ്പന്നം മാര്‍ക്കറ്റില്‍ ഇറക്കാൻ പാടുള്ളുവെന്നും കൂടാതെ ഒരോ ബാച്ചിന്റെയും ആവര്‍ത്തിച്ചുള്ള പരിശോധന നടത്തണമെന്നും ഉല്‍പ്പന്നങ്ങളുടെ സാമ്ബിളുകളുടെ മതിയായ അളവ് സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറഞ്ഞു.
ഇന്ത്യയിലെ 8,500 ചെറുകിട മരുന്ന് ഫാക്ടറികളില്‍ നാലിലൊന്നില്‍ താഴെ മാത്രമേ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര മരുന്ന് നിര്‍മ്മാണ നിലവാരം പാലിക്കുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. വൻകിട മരുന്ന് നിര്‍മ്മാതാക്കള്‍ ആറ് മാസത്തിനുള്ളിലും ചെറുകിട നിര്‍മ്മാതാക്കള്‍ 12 മാസത്തിനുള്ളിലും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. അതേസമയം ചെറുകിട കമ്ബനികള്‍ സമയപരിധി നീട്ടാൻ ആവശ്യപ്പെട്ടിരുന്നു, മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സമയം അനുവദിച്ചില്ലെങ്കില്‍ പകുതിയോളം കമ്ബനികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കമ്ബനികള്‍ പറയുന്നത്.
ഇതിനിടെ കേരളത്തിലും മരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിനെതിരെയാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുന്നതിനെതിരെ ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുകയും ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങള്ക്ക്് കാരണമാകുകയും ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ട്. സ്വന്തം ആരോഗ്യവും കകുടുംബത്തിന്റെ ആരോഗ്യവും മുൻനിര്‍ത്തി അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിയ്ക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സ്ഥിരമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാധ്യതയുള്ള രോഗാണുക്കള്‍ കൊണ്ടുള്ള അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്ബോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]