ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാം രാജ്യമായി ഇന്ത്യ…!!സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ആദിത്യ എല്‍-1 ഹാലോ ഭ്രമണപഥത്തില്‍;ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചെന്ന് നരേന്ദ്ര മോദി.
സ്വന്തം ലേഖിക
ഇന്ത്യയുടെ പ്രഥമ സൗരദൗത്യ പേടകമായ ആദിത്യ എല്‍-1 നാല് മാസത്തെ യാത്രയ്ക്കൊടുവില്‍ ലക്ഷ്യസ്ഥാനത്ത്. പേടകം ഐ എസ് ആര് ഒ ലക്ഷ്യമിട്ട ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഇതോടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളില്‍ ആദ്യത്തേതും ഭൂമിക്ക് ഏറ്റവും അടുത്തുള്ളതുമാണ് ലഗ്രാഞ്ച് ഒന്ന്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകിട്ട് നാലോടെയാണ് ആദിത്യ എല്‍1 ഹാലോ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. പേടകത്തിലെ ലാം എൻജിൻ പ്രവര്‍ത്തിപ്പിച്ചാണ് അവസാന ഭ്രമണപഥമാറ്റം ഐഎസ്ആര്‍ഒ നടത്തിയത്. വൈകാതെ പേടകത്തെ ഒന്നാം ലഗ്രാഞ്ചില്‍ നിശ്ചിത ഇടത്ത് ഉറപ്പിക്കും. ഇതാണ് ഐഎസ്ആര്‍ഒയുടെ മുന്നില്‍ ഇനിയുള്ള വെല്ലുവിളി. നിശ്ചിത സ്ഥാനത്ത് സ്ഥിരത കൈവരിച്ചശേഷമായിരിക്കും പേടകം സൗര രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുക. സ്ഥിരത കൈവരിക്കാനുള്ള പ്രക്രിയയ്ക്ക് ഒരു മാസത്തോളമെടുക്കുമെന്നാണ് വിവരം.
ആദിത്യ എല്‍-1 ലക്ഷ്യസ്ഥാനത്ത് എത്തിയതായി പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിലൂടെയാണ് അറിയിച്ചത്. ”ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സോളാര്‍ ഒബ്സര്‍വേറ്ററി ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനത്ത് എത്തി. ഏറ്റവും സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണിത്. ഈ അസാധാരണ നേട്ടത്തിന് ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതില്‍ ഞാൻ രാജ്യത്തോടൊപ്പം ചേരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ താണ്ടുന്നത് നാം തുടരും,” നരേന്ദ്രമോദി കുറിച്ചു.
സെപ്തംബര്‍ രണ്ടിന് വിക്ഷേപിച്ച ആദിത്യ എല്‍-1 ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. 126 ദിവസത്തെ യാത്രയ്ക്കുശേഷം ഇപ്പോഴെത്തിയിരിക്കുന്ന ലഗ്രാഞ്ച് ഒന്ന് എന്ന ബിന്ദുവില്‍നിന്ന് മറ്റൊരു ആകാശഗോളത്തിന്റെയും മറയില്ലാതെ സൂര്യനെ സസൂക്ഷ്മം നിരീക്ഷിക്കാനും പഠനം നടത്താനും ആദിത്യ എല്‍1ന് സാധിക്കും.
ലഗ്രാഞ്ച് ബിന്ദു ഒന്നില്‍ സൂര്യനും ഭൂമിയും ബഹിരാകാശ പേടകവും ഉള്‍പ്പെടുന്ന ആനുകാലികവും ത്രിമാനവുമായ പരിക്രമണ പാതയാണ് ഹാലോ ഭ്രമണപഥം. ഈ നിര്‍ദിഷ്ട ഹാലോ ഭ്രമണപഥം ആദിത്യ എല്‍1ന് അഞ്ച് വര്‍ഷത്തെ ദൗത്യ ആയുസ് ഉറപ്പാക്കാനും സൂര്യന്റെ സ്വാധീനത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതയും ഇന്ധന ഉപഭോഗവും കുറയ്ക്കാനും സൂര്യന്റെ തുടര്‍ച്ചയായതും തടസ്സമില്ലാത്തതുമായ കാഴ്ച ഉറപ്പാക്കാനും സഹായിക്കുന്നു.
ഭൂമിയുടെയും സൂര്യന്റെ അന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയര്‍, ക്രോമോ സ്പിയര്‍, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ചാണ് ആദിത്യ എല്‍-1 പഠിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തില്‍ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.
ഇതില്‍ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് 1 എന്ന ബിന്ദുവിന്റെ സവിശേഷതകളെക്കുറിച്ചും പഠിക്കും. പേടകത്തിലെ രണ്ട് പേലോഡുകള്‍ യാത്രാമദ്ധ്യേ പ്രവര്‍ത്തനക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു.
സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലെസ്കോപും സോളാര്‍ വിൻഡ് അയേണ്‍ സ്പെക്ട്രോ മീറ്ററുമാണ് ഭൗമ-സൗര അന്തരീക്ഷത്തിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും വികിരണങ്ങളെക്കകുറിച്ചും വിവരങ്ങള്‍ നല്‍കിയത്. ലഗ്രാഞ്ച് ഒന്നില്‍ എത്തുന്നതോടെ മറ്റു അഞ്ച് പേലോഡുകള്‍ കൂടി കാര്യക്ഷമമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]