കൊല്ലം: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയിലെ മൈക്ക് തകരാറിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. വലിയ പ്രശ്നമല്ലെന്നും സംഘാടക സമിതിയിൽ അല്ലാത്ത കുറച്ചു പേർ വന്ന് നടത്തിപ്പുകാരായി മാറുന്നതാണ് പ്രശ്നമെന്നും ശിവൻകുട്ടി പ്രതികരിച്ചു.
വേദിയില്‍ നാടന്‍പാട്ട് അവതരിപ്പിക്കുന്നതിനുള്ള സൗകര്യമില്ലെന്നും സൗണ്ട് സിസ്റ്റത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ച് ഇന്ന് രാവിലെ നാടന്‍പാട്ട് പരിശീലകരായ കലാകാരന്മാര് കലോത്സവ വേദിയില്‍ പ്രതിഷേധിച്ചിരുന്നു. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഘാടകര്‍ ആരും തന്നെ എത്തിയില്ലെന്നും പൊലീസിനെ കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഇവര്‍ ആരോപിച്ചു. മത്സരത്തിന് നാലാം നിലയിൽ വേദി അനുവദിച്ചതും നാടൻ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. നാടന്‍പാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.
അതേസമയം, അപ്പീലുകളുടെ ബാഹുല്യം കലോത്സവ സമയക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. സബ് കോടതി മുതൽ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാർഥികൾ മത്സരത്തിന് എത്തുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളിൽ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ എത്തിയവർ പോലും അപ്പീലുമായി എത്തുന്നത് മത്സര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
Last Updated Jan 5, 2024, 3:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]