

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; വ്യാജ ഓൺലൈൻ ജോബ് സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്; തട്ടിപ്പുനടത്താനായി ഉപയോഗിച്ചത് പിതാവിന്റെ അക്കൗണ്ട് നമ്പറും സിം കാർഡും
സ്വന്തം ലേഖകൻ
കല്പറ്റ: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത സംഘത്തിലെ ഇതരസംസ്ഥാനക്കാരായ രണ്ടുപേരെ വയനാട് സൈബർ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുഹമ്മദ് ഇദ്രിസ് (39), കർണാടക സ്വദേശി തരുൺ ബസവരാജു (21) എന്നിവരാണ് പിടിയിലായത്. ജോലി വാഗ്ദാനംചെയ്ത് മുട്ടിൽ എടപ്പെട്ടി സ്വദേശിയിൽനിന്ന് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. വ്യാജ ഓൺലൈൻ ജോബ് സൈറ്റ് നിർമ്മിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്.
സിങ്കപ്പൂരിൽ പസഫിക് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ജോലിനൽകാമെന്നുപറഞ്ഞാണ് ഇവർ എടപ്പെട്ടിസ്വദേശിയെ കബളിപ്പിച്ചത്. പലപ്പോഴായി പണം തട്ടിയെടുക്കുകയുംചെയ്തു. കഴിഞ്ഞ ഒക്ടോബറിലാണ് എടപ്പെട്ടി സ്വദേശി പരാതിയുമായി വയനാട് സൈബർ പോലീസ് സ്റ്റേഷനിലെത്തിയത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഇവരുടെ തട്ടിപ്പ് വ്യക്തമായത്. ‘ഇൻഡീഡ് ഇന്ത്യ റിക്രൂട്ട്മെന്റ് ഡോട്ട്കോം’ എന്നപേരിൽ വ്യാജസൈറ്റ് തയ്യാറാക്കിയാണ് ഇവർ തട്ടിപ്പുനടത്തിയത്. ജോബ് റിക്രൂട്ട്മെന്റ് സൈറ്റുകൾ സന്ദർശിക്കുന്നവരെ ഇവർ ആദ്യം കണ്ടെത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന്, വ്യാജസൈറ്റിന്റെ ലിങ്ക് നൽകി വലയിലാക്കും. ജോലി വാഗ്ദാനംചെയ്യുകയും പല ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുകയുംചെയ്യും. ഫോൺകോളുകളും സാമൂഹികമാധ്യമങ്ങളും നിരീക്ഷിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. തട്ടിപ്പുനടത്താനായി പ്രതികളിലൊരാളായ മുഹമ്മദ് ഇദ്രിസ് സ്വന്തം പിതാവിന്റെ പേരിലുള്ള ഫോൺ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തട്ടിപ്പിലൂെട കിട്ടുന്ന പണം ഇദ്രിസിന്റെ പിതാവിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. ഈ തുക പെട്ടെന്ന് ട്രാൻസ്ഫറായി പോവുകയുംചെയ്യും. തുടരന്വേഷണത്തിൽ പോലീസ് ഇദ്രിസിന്റെ വീട് കണ്ടെത്തി പിതാവിനെ ചോദ്യംചെയ്തു. എന്നാൽ, തന്റെ ബാങ്ക് അക്കൗണ്ടും തന്റെ പേരിലുള്ള സിംകാർഡും മകൻ ഇദ്രിസാണ് ഉപയോഗിക്കുന്നതെന്ന കാര്യം മാത്രമാണ് അദ്ദേഹത്തിനറിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
മകൻ തട്ടിപ്പുനടത്തുന്നതായുള്ള വിവരം പിതാവിന് അറിയില്ലായിരുന്നു. ഇവരുടെ പേരിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കേസുണ്ട്. കേരളത്തിൽ ഇവർ ഇത്തരത്തിൽ വേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി പദംസിങ്ങിന്റെ മേൽനോട്ടത്തിൽ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടകൂടിയത്. എസ്.ഐ. അശോക് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, റസാക്ക്, അനൂപ്, സിവിൽ പോലീസ് ഓഫീസർ റിജോ ഫെർണാണ്ടസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]