

കോഴിക്കോട്: പരാതി നൽകാനെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡനത്തിനിരയാക്കിയതായി പരാതി. കോഴിക്കോട് ഫറോക്ക് അസി. പൊലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ് പോലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പരാതി ലഭിച്ചത്. കോഴിക്കോട് സ്വദേശിനിയായ നഴ്സാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
യുവതിയുടെ പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ നാല് വർഷം മുൻപ് ഒരു മണിക്കൂറിനകം തിരികെ നൽകാമെന്ന് പറഞ്ഞ് 40,000 രൂപ വാങ്ങി. പണം തിരിച്ച് കിട്ടാത്തതിനെ തുടർന്ന് പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പരാതി അറിയിച്ചു. അവിടെ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം കസബ പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി സഹായിയായി എത്തിയ പോലീസുകാരൻ നമ്പർ വാങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഇയാൾ യുവതിയെ നിരന്തം ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേസിന്റെ കാര്യമെന്ന് പറഞ്ഞ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതി ഇയാൾക്കെതിരെ കസബ പോലീസ് സ്റ്റേഷനിലും സിറ്റി കമ്മീഷണർക്കും പരാതി നൽകി. 2020 ജൂലൈയിൽ വകുപ്പുതല അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കണ്ടെത്തുകയും കമ്മീഷണർ നടപടിയെടുക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പോലീസുകാരനെതിരെ കസബ സ്റ്റേഷനിൽ കേസെടുത്തിട്ടില്ലെന്നാണ് പരാതി.