
കേപ്ടൗണ്‍: വെടിക്കെട്ട് സെഞ്ചുറിയുമായി പൊരുതിയ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് കരുത്തില്‍ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ദക്ഷിണാഫ്രിക്ക. 62-3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് മുമ്പെ 176 റണ്‍സിന് ഓള് ഔട്ടായി. ഏയ്ഡന്‍ മാര്‍ക്രം 103 പന്തില്‍106 റണ്‍സുമായി വെടിക്കെട്ട് സെഞ്ചുറി കുറിച്ചപ്പോള്‍ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റെടുത്തു.
രണ്ടാം ദിനം ആദ്യ ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബുമ്ര ബെഡിങ്ഹാമിനെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 11 റണ്‍സായിരുന്നു ബെഡിങ്ഹാമിന്റെ സമ്പാദ്യം. പിന്നീടെത്തിയ വെറിയെന്നെ മാര്‍ക്രത്തിന് പിന്തുണ നല്‍കിയെങ്കിലും ഭാഗ്യം കൊണ്ട് ക്രീസില്‍ പിടിച്ചു നിന്നു. ഒടുവില്‍ ബുമ്രയുടെ ഷോട്ട് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ വെറിയെന്നെ മിഡോണില്‍ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തി. വെറിയെന്നെ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ ദക്ഷിണാഫ്രിക്കക്ക് 14 റണ്‍സ് കൂടി വേണമായിരുന്നു.
മാര്‍ക്കൊ യാന്‍സനൊപ്പം ആക്രമിച്ച് കളിച്ച മാര്‍ക്രം ദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് നയിച്ചു. യാന്‍സനെയും കേശവ് മഹാരാജിനെയും പുറത്താക്കി അഞ്ച് വിക്കറ്റ് തികച്ച ബുമ്ര ദക്ഷിണാഫ്രിക്കയെ 111-7ലേക്ക് തള്ളിവിട്ടശേഷമായിരുന്നു മാര്‍ക്രം കടന്നാക്രമിച്ചത്. മറുവശത്ത് കാഗിസോ റബാഡയെ സംരക്ഷിച്ചു നിര്‍ത്തി മാര്‍ക്രം തകര്‍ത്തടിച്ചു. ബുമ്രയുടെ പന്തില്‍ മാര്‍ക്രം നല്കിയ അനായാസ ക്യാച്ച് ഇതിനിടെ രാഹുല്‍ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി.
73 റണ്‍സെടുത്ത് നില്‍ക്കെ ജീവന് കിട്ടിയ മാര്‍ക്രം പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ ഓവറില്‍ രണ്ട് സിക്സ് അടക്കം 20 റണ്‍സടിച്ച് അതിവേഗം സെഞ്ചുറിക്ക് അരികിലെത്തി. ജസ്പ്രീത് ബുമ്രയെ ബൗണ്ടറി കടത്തി 99 പന്തില്‍ സെഞ്ചുറി തികച്ച മാര്‍ക്രം ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചു. ഒടുവില്‍ മാര്‍ക്രത്തെ വീഴ്ത്തി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. സിറാജിന്റെ പന്തില്‍ മാര്‍ക്രത്തെ രോഹിത് ക്യാച്ചെടുക്കുകയായിരുന്നു. മാര്‍ക്രം മടങ്ങിയതിന് പിന്നാലെ കാഗിസോ റബാഡയെ പ്രസിദ്ധ് കൃഷ്ണ രോഹിത്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എങ്കിഡിയെ സ്ലിപ്പില്‍ യശസ്വിയുടെ കൈകളിലെത്തിച്ച് ബുമ്ര തന്നെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇന്ത്യക്കായി ബുമ്ര 61 റണ്‍സിന് ആറ് വിക്കറ്റെടുത്തപ്പോള്‍ മുകേഷ് രണ്ടും സിറാജ്, പ്രസിദ്ധ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
No Jasprit Bumrah fan can pass without liking this Post 🔥❤️
— UTKARSH (@I_M_FURY)
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ഇന്ത്യ 153 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകള്‍ ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെയാണ് നഷ്ടമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]