
അല്‍ഉല – സാഹസികതയുടെ അവസാന വാക്കായ ദാകാര്‍ റാലിക്ക് പൗരാണിക നഗരമായ അല്‍ഉലയില്‍ നാളെ തുടക്കം. 15 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന റാലിയില്‍ മത്സരാര്‍ഥികള്‍ മരുഭൂമിയിലൂടെ 8000 കിലോമീറ്ററോളം സഞ്ചരിക്കും. 2020 മുതല്‍ ദാകാറിന് വേദിയൊരുക്കുന്ന സൗദി അറേബ്യ ഇത് അഞ്ചാം തവണയാണ് മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത്. ദാകാര്‍ റാലിയുടെ നാല്‍പ്പത്താറാമത് എഡിഷനാണ് ഇത്. 19ന് യാമ്പൂവിലാണ് സമാപനം.
ഇത്തവണ ക്രോണോ എന്ന പേരില്‍ രണ്ടു ദിവസം നീളുന്ന പുതിയൊരു ഘട്ടം കൂടിയുണ്ട്. 600 കിലോമീറ്ററാണ് ഈ ഘട്ടം. ആദ്യ ദിനം പരമാവധി ദൂരം സഞ്ചരിച്ച് വൈകുന്നേരം നാലു മണിയാവുമ്പോള്‍ ഏറ്റവും അടുത്ത തമ്പില്‍ യാത്ര അവസാനിപ്പിക്കണം. തമ്പില്‍ സാങ്കേതിക സഹായം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കില്ല. അടുത്ത പുലര്‍ച്ചെ ഏഴിന് യാത്ര തുടരുകയും ലക്ഷ്യ സ്ഥാനത്തെത്തുകയും വേണം. അല്‍ഉലയിലെ മരുഭൂമി കൂടുതല്‍ ദൃശ്യമാവുന്ന വിധത്തിലാണ് ഇത്തവണ റൂട്ട്. യാത്രാമാര്‍ഗത്തില്‍ 60 ശതമാനവും പുതിയ വഴികളിലൂടെയാണ്. റിയാദിലായിരിക്കും വിശ്രമ ദിനം. അല്‍ഉലയില്‍ നിന്ന് തുടങ്ങുന്ന റാലി അല്ഹിനാകിയ, ദവാദ്മി, അല്‍സലാമിയ, ഹുഫൂഫ്, ശുബൈത വഴി റിയാദിലെത്തും. ദവാദ്മി, ഹായില്‍, അല്‍ഉല വഴി യാമ്പുവില്‍ അവസാനിക്കും.
കഴിഞ്ഞ രണ്ടു വര്‍ഷമുള്‍പ്പെടെ അഞ്ചു തവണ ഓവറോള്‍ ചാമ്പ്യനായ ഖത്തറിന്റെ നാസര്‍ അല്‍അതിയ്യ ഇത്തവണ ടൊയോട്ട വിട്ട് പ്രെഡ്രൈവില് ചേര്‍ന്നിരിക്കുകയാണ്. മൂന്ന് വ്യത്യസ്ത കമ്പനികളുടെ ഭാഗമായി അമ്പത്തിരണ്ടുകാരന് ദാകാര്‍ ചാമ്പ്യനായിട്ടുണ്ട്.
ഒമ്പത് തവണ ലോക റാലി ചാമ്പ്യനായ സെബാസ്റ്റ്യന്‍ ലോബ് ആദ്യ ദാകാര്‍ കിരീടം തേടി എട്ടാം തവണ മത്സരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

