
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഇതിന് അനുമതി നല്കിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നല്കിയതായിമന്ത്രി പറഞ്ഞു. പരീക്ഷ സമയബന്ധിതമായും കൂടുതല്‍ കാര്യക്ഷമമായും നടത്താനാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ചോദ്യങ്ങള്‍ സജ്ജീകരിക്കല്‍,അച്ചടി, ഗതാഗതം,ഒഎംആര്‍ അടയാളപ്പെടുത്തല്‍,മൂല്യനിര്‍ണ്ണയം എന്നിവ ഉള്‍പ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പരീക്ഷ ഓണ്‍ലൈനായി നടത്താനുള്ള നിര്‍ദ്ദേശം പ്രവേശന പരീക്ഷാ കമ്മീഷണര്‍ സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരുന്നു. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകള്‍ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പര് ഉണ്ടാകുക,പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍.
കാര്യക്ഷമത,വഴക്കം,കുറഞ്ഞ പേപ്പര്‍ ഉപഭോഗം,കാര്യക്ഷമമായ മൂല്യനിര്‍ണ്ണയം,വേഗത്തിലുള്ള ഫല പ്രോസസിങ് എന്നിവയുള്‍പ്പെടെ നേട്ടങ്ങള്‍ സി.ബി.ടി മോഡിനുള്ളതായും ശുപാര്‍ശ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ശുപാര്‍ശകള്‍ പരിഗണിച്ച് പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി നല്കി പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രിസഭായോഗം സാധൂകരിച്ചതെന്നും മന്ത്രി അറിയിച്ചു.
Last Updated Jan 3, 2024, 11:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]