
വിജയകാന്ത് നായകനായ പദവിപ്രമാണം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഉത്പല്‍ വി. നായനാര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു
ചെന്നൈ : കാഴ്ചയില്‍ പരുക്കനാണെങ്കിലും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ആള്‍രൂപമായിരുന്നു വിജയകാന്തെന്ന് ഛായാഗ്രാഹകന്‍ ഉത്പല്‍ വി. നായനാര്‍ ഓര്‍ക്കുന്നു. വിജയകാന്ത് നായകനായ ‘പദവിപ്രമാണം’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കാഞ്ഞങ്ങാട് പനയാല്‍ സ്വദേശി ഉത്പലായിരുന്നു. 1994-ല്‍ പുറത്തിറങ്ങിയ തമിഴിലെ ബിഗ് ബജറ്റ് ചിത്രമാണിത്.
”ക്യാമറാമാനായതിനാല് തീരെ വിശ്രമമില്ല. അഞ്ചും ആറും ദിവസം തുടര്‍ച്ചയായി ഉറങ്ങാന്‍ പറ്റിയിരുന്നില്ല. രാവിലെ സംഘട്ടനവും രാത്രികളില്‍ ഗാനരംഗങ്ങളുമായിരിക്കും. ആദ്യ ദിവസങ്ങളില്‍ എന്റെ അവസ്ഥകണ്ട് വിജയകാന്ത് സോഡയുമായി അടുത്തുവരും. പൊട്ടിച്ച് മുഖം കഴുകാന്‍ പറയും. ഷൂട്ടിങ് ആറാംദിവസം സെറ്റിട്ട ഗുഹയിലായിരുന്നു ചിത്രീകരണം. ചുറ്റിലും വെള്ളവും ചെളിയും. ചാക്കില്‍ കൊണ്ടുവന്ന ജീവനുള്ള എലികളെയും 200-ഓളം പാമ്പുകളെയും ഇളക്കി വിട്ടിരിക്കുകയാണ്.
ദിവസങ്ങളോളം ഉറക്കമില്ലാതെ ഇതൊക്കെ ചിത്രീകരിക്കുന്ന എന്നെ വിജയകാന്ത് ശ്രദ്ധിച്ചിരിക്കണം. അന്നു രാത്രി വിജയകാന്ത് വീട്ടില്‍പോയി രാവിലെ വീണ്ടും സെറ്റിലെത്തി. അപ്പോഴും ഞാന്‍ ചിത്രീകരണം തുടരുകയാണ്. വിജയകാന്ത് ഉടന്‍ നിര്‍മാതാവിനെ വിളിച്ചു. ക്യാമറാമാന് ഉറങ്ങിയിട്ട് എത്ര ദിവസമായെന്ന് ചോദിച്ചു. ഇന്ന് ഷൂട്ടിങ് നടത്തിയില്ലെങ്കില്‍ എത്ര പണംപോകും എന്നുചോദിച്ചപ്പോള്‍ നിര്‍മാതാവ് ലക്ഷങ്ങളുടെ കണക്കുനിരത്തി. ഉടന്‍തന്നെ വിജയകാന്തിന്റെ മറുപടി ‘ആ പണം നിങ്ങള്‍ക്കു ഞാന്‍ തരാം. ദയവായി ഷൂട്ടിങ് നിര്‍ത്തി ക്യാമറാമാനെ ഉറങ്ങാന്‍ അനുവദിക്കൂ.’ ഈ വാക്കുകള്‍ ഇന്നും തന്റെ കണ്ണു നനയിപ്പിക്കുന്നു- ഉത്പല്‍ പറയുന്നു. അതിനുശേഷം പലഭാഷകളില്‍ ജോലിചെയ്തുവെങ്കിലും ഇത്രയും മനുഷ്യസ്നേഹിയായ ഒരുനടനെ കാണാന്‍ സാധിച്ചിട്ടില്ലെന്നും ഉത്പല്‍ പറയുന്നു. സിനിമാസെറ്റുകളില്‍ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന ഭക്ഷണം അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കുകൂടി നല്‍കും. ആരുടെയെങ്കിലും സങ്കടങ്ങള്‍ കണ്ടാല്‍ സഹായം നല്‍കും.
മരണംവരെ വിജയകാന്തുമായി അടുപ്പം സൂക്ഷിച്ചു. ചെന്നൈയിലെത്തിയാല്‍ നേരില്ക്കാണാറുണ്ട്. വിജയകാന്തിന്റെ ഒട്ടേറെ സിനിമകളില്‍ ഛായാഗ്രഹണസഹായിയായി പ്രവര്‍ത്തിച്ചാണ് ഉത്പല്‍ അടുപ്പത്തിലാവുന്നത്. പദവിപ്രമാണത്തിലെത്തുന്നത് അങ്ങനെയാണ്. അതിനുശേഷം ചില ചിത്രങ്ങളിലേക്ക് അദ്ദേഹം ക്ഷണിച്ചപ്പോള്‍ മലയാളത്തിലെ തിരക്കുകള്‍ കാരണം ഒഴിവാക്കേണ്ടിവന്നുവെന്നും ഉത്പല്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]