
സാമ്പത്തികമായി പല തട്ടിലുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ കഠിനാധ്വാനം കൊണ്ട് വിജയത്തിന്റെ പടവുകൾ കയറാൻ സാധിച്ചവരും ഉണ്ട്. അതിലൊരാളാണ് രമേഷ് ബാബു എന്ന ബാർബർ. ഇന്ത്യയിലെ കോടീശ്വരനായ ബാർബർ (India’s ‘Billionaire Barber) എന്നാണ് രമേഷ് ബാബു അറിയപ്പെടുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ നിന്നുമാണ് രമേഷ് ബാബു ഈ അവസ്ഥയിൽ എത്തിച്ചേർന്നത്. രമേഷ് ബാബുവിന് 400 -ലധികം കാറുകൾ ഉണ്ട്, അവയിൽ മിക്കതും ബിഎംഡബ്ല്യു, റോൾസ് റോയ്സ് തുടങ്ങിയ ആഡംബര കാറുകളാണ്.
ബംഗളൂരുവിൽ ബാർബറായിരുന്നു രമേഷ് ബാബുവിന്റെ അച്ഛൻ പി. ഗോപാൽ. എന്നാൽ, രമേഷ് ബാബുവിന് 7 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. യാതൊരു സമ്പാദ്യവും അദ്ദേഹത്തിനില്ലായിരുന്നു. തന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമായി അദ്ദേഹം ബാക്കിവച്ചു പോയത് ബംഗളൂരുവിലെ ബ്രിഡ്ജ് റോഡിലുള്ള ഒരു ചെറിയ ബാർബർ ഷോപ്പ് മാത്രമാണ്. പെട്ടെന്ന് ഭർത്താവ് മരിച്ചപ്പോൾ രമേഷ് ബാബുവിന്റെ അമ്മ ആകെ തകർന്നു പോയി. അവരുടെ കയ്യിൽ പണമൊന്നും തന്നെ ഉണ്ടായിരുന്നില്ല. മക്കളെ വളർത്തുന്നതിനായി അവർ ഒരു വേലക്കാരിയായി ജോലി ചെയ്ത് തുടങ്ങി. 40-50 രൂപ മാത്രമാണ് അവർക്ക് ആ ജോലിയിൽ നിന്നും ഒരുമാസം കിട്ടിക്കൊണ്ടിരുന്നത്. അതിൽ നിന്നും വസ്ത്രവും, ഭക്ഷണവും, പുസ്തകവും ഒക്കെ വാങ്ങണമായിരുന്നു.
ഒരുനേരത്തെ ഭക്ഷണം മാത്രം കഴിച്ചാണ് രമേഷ് ബാബു വളർന്നത്. ഭർത്താവ് മരിച്ചതോടെ രമേഷ് ബാബുവിന്റെ അമ്മ അവരുടെ ബാർബർ ഷോപ്പ് അഞ്ച് രൂപയ്ക്ക് വാടകയ്ക്ക് കൊടുത്തു. രമേഷ് ബാബുവും സ്കൂളില്ലാത്ത സമയങ്ങളിൽ അമ്മയെ സഹായിക്കുന്നതിന് വേണ്ടി വിവിധ ജോലികൾ ചെയ്തു പോന്നു. എന്നാൽ, പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അദ്ദേഹം തന്റെ അച്ഛന്റെ ബാർബർ ഷോപ്പ് ഏറ്റെടുത്തു. അങ്ങനെ അവിടെ ജോലി ചെയ്തു തുടങ്ങി. കുറേനാൾ കഴിഞ്ഞപ്പോൾ സമ്പാദ്യത്തിൽ നിന്നും മിച്ചം പിടിച്ച് അദ്ദേഹം ഒരു കാർ വാങ്ങി. ആ കാർ വെറുതെ ഇടേണ്ടതില്ലല്ലോ എന്ന് തോന്നിയപ്പോൾ രമേഷ് ബാബു ആ കാർ വാടകയ്ക്ക് കൊടുത്തു തുടങ്ങി.
രമേഷ് ബാബുവിന്റെ അമ്മ ജോലി ചെയ്തിരുന്ന കുടുംബത്തിലൂടെയാണ് രമേഷ് ബാബുവിന് ഇന്റലിൽ നിന്നും ആദ്യത്തെ ബിസിനസ് കരാർ ലഭിച്ചത്. കസ്റ്റമേഴ്സ് കൂടിത്തുടങ്ങിയപ്പോൾ ഓട്ടോമൊബൈൽ റെന്റൽ സർവീസ് ഒരു നല്ല ബിസിനസാണ് എന്ന് രമേഷ് ബാബു മനസിലാക്കി. പിന്നീട്, അതിലൂടെ സമ്പാദിക്കുന്ന കാശിലൂടെ കൂടുതൽ കൂടുതൽ കാറുകൾ അദ്ദേഹം വാങ്ങിത്തുടങ്ങി. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് രമേഷ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന കമ്പനിയുടെ ഉടമയാണ് അദ്ദേഹം. 90 -കളുടെ അവസാനം തന്നെ അദ്ദേഹം ആഡംബരക്കാറുകൾ വാടകയ്ക്ക് നൽകിത്തുടങ്ങിയിരുന്നു.
ഇന്നദ്ദേഹത്തിന് ആഡംബരക്കാറുകളടക്കം 400 -ലധികം കാറുകളുണ്ട്. ഇന്ത്യയിലെ കോടീശ്വരനായ ബാർബറാണ് അദ്ദേഹം. എങ്കിലും തന്റെ സലോണിലും അദ്ദേഹം ജോലി ചെയ്യും. ദിവസവും അഞ്ച് മണിക്കൂർ അദ്ദേഹം അവിടെ ജോലി ചെയ്യുന്നു. തന്റെ വേരുകൾ അവിടെയാണ് എന്നും അത് മറക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. കഠിനാധ്വാനം ചെയ്യാനുള്ള മനസും ആത്മവിശ്വാസവുമുണ്ടെങ്കിൽ വിജയം സുനിശ്ചിതം എന്ന് തെളിയിച്ച ഒരാളാണ് അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 2, 2024, 4:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]