
ഓരോ ദിവസം കഴിയുന്തോറും തന്നിലെ നടനെ തേച്ചുമിനുക്കുന്ന ആളാണ് മമ്മൂട്ടി. അക്കാര്യം പലപ്പോഴും അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. അക്കാര്യം ഊട്ടി ഉറപ്പിക്കുന്നത് ആയിരുന്നു 2022ലെയും 2023ലെയും മമ്മൂട്ടിയുടെ പ്രകടനങ്ങൾ. വ്യത്യസ്തകൾക്ക് പുറകെ പോയ മമ്മൂട്ടിയെ ആണ് ഈ വർഷങ്ങളിൽ ഓരോ മലയാളിയും കണ്ടത്. സൂപ്പർ ഹിറ്റുകൾക്കൊപ്പം ബോക്സ് ഓഫീസിലും അവ കസറി എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. 2024ലും മമ്മൂട്ടിയുടേതായി ഒരുപിടി സിനിമകൾ ഒരുങ്ങുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട സിനിമയാണ് ‘ഭ്രമയുഗം’.
പ്രഖ്യാപനം മുതൽ ഫസ്റ്റ് ലുക്ക് വരെ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ സിനിമയാണ് ഭ്രമയുഗം. ചുളുവ് വീണ മുഖത്തിലെ തീഷ്ണമായ നോട്ടവും നിഗൂഢത നിറച്ച ചിരിയുമായി എത്തിയ ഫസ്റ്റ് ലുക്ക് കണ്ട് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു, ‘എന്തോ വലുത് വരുന്നു’. പതിറ്റാണ്ടുകളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കാണാത്തൊരു കഥാപാത്രമായിട്ടാകും പുതുവർഷത്തിലും മമ്മൂട്ടി സിനിമാസ്വാദകർക്ക് മുന്നിൽ എത്തുക എന്നത് തീർച്ചപ്പെടുത്തുകയാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ഭ്രമയുഗം 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് ചർച്ചകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നേരത്തെ ജനുവരി ആദ്യവാരം സിനിമ തിയറ്ററിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് മുൻപോ ശേഷമോ ആയിരിക്കും ഭ്രമയുഗം റിലീസ് ചെയ്യുക എന്നാണ് വിലയിരുത്തലുകൾ.
ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണ് ഭ്രമയുഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]