

First Published Dec 28, 2023, 9:19 PM IST
തിരുവനന്തപുരം: കേരള വനം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം സെൻററുകളിൽ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിനോദസഞ്ചാരികളുടെ പക്കൽ നിന്ന് വിവിധ ഫീസിനത്തിൽ പിരിച്ചെടുക്കുന്ന തുകയിൽ വ്യാപക വെട്ടിപ്പ് നടക്കുന്നുതായും വനപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കുന്ന നിർമ്മാണ പദ്ധതികളിൽ ക്രമക്കേടുകൾ നടക്കുന്നതായും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്തെ എല്ലാ വനം വികസന ഏജൻസികളിലും (FDA) തെരഞ്ഞെടുത്ത ഇക്കോ വികസന കമ്മറ്റികളിലും (EDC) വനം സംരക്ഷണ സമിതികളിലും (VSS) ഇന്നലെ രാവിലെ 11 മണി മുതൽ ‘ഓപ്പറേഷൻ ജംഗിൾ സഫാരി’ എന്ന പേരിലാണ് വിജിലൻസ് വ്യാപക മിന്നൽ പരിശോധനകൾ നടത്തിയത്. വനം വകുപ്പിന്റെ ഇക്കോ ടൂറിസം പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി സഞ്ചാരികളിൽ നിന്ന് 40 രൂപ മുതൽ 2,000 രൂപ വരെ വിവിധ ഇനങ്ങളിലായി ടിക്കറ്റ് നൽകി ഫീസ് ഇനത്തിൽ പിരിക്കുന്നുണ്ട്.
ഇതിനായി ഇലക്ട്രോണിക് ടിക്കറ്റിങ് ഉപകരണങ്ങൾ ആണ് സാധാരണ ഉപയോഗിക്കുന്നത്. ഇപ്രകാരമെത്തുന്ന വിനോദ സഞ്ചാരികളുടെ പക്കൽ നിന്നും പിരിക്കുന്ന തുകയിൽ ഒരു വിഹിതം യാതൊരു കണക്കിലും കാണിക്കാതെ EDC/VSS കളുടെ ഭാരവാഹികൾ വീതംവെച്ചെടുക്കുന്നതായും രഹസ്യവിവരം ലഭിച്ചിരുന്നു. ഓരോ ദിവസവും പിരിക്കുന്ന തുക തൊട്ടടുത്ത ദിവസം തന്നെ ബാങ്കിൽ അടക്കാതെ മറ്റു് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ദിവസങ്ങൾ കഴിഞ്ഞു അടച്ചു വരുന്നതായും, ഇത്തരം ക്രമക്കേടുകൾ പരിശോധിക്കാൻ ഉത്തരവാദിത്തപ്പെട്ട വനം വികസന ഏജൻസിയിലെ ഉദ്യോഗസ്ഥർ വനം സംരക്ഷണ സമിതികളിൽ പരിശോധനകൾ നടത്താതെ വെട്ടിപ്പിനു കൂട്ടുനിൽക്കുന്നു എന്നും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ തേക്കടി ആനച്ചാലിലുള്ള പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശന ഫീസ് പിരിക്കുന്ന ജീവനക്കാർ അവരുടെ സ്വന്തം അക്കൗണ്ടുകളിലേക്ക് ഗൂഗിൾ-പേ വഴി പാർക്കിംഗ് ഫീസ് പിരിച്ചെടുക്കുന്നതായും, ബോട്ടിങ് ഫീസ് കൗണ്ടറിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ ഗൂഗിൾ-പേ അക്കൗണ്ടുകൾ ഉപയോഗിച്ച് ബോട്ടിംഗ് ഫീസും, ഷോപ്പിൽ നിന്ന് വിൽക്കുന്ന സാധനങ്ങളുടെ വിലയും ഈടാക്കി വരുന്നതായും മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.
കോട്ടയം ജില്ലയിലെ വന വികസന ഏജൻസി കൈകാര്യം ചെയ്യുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ ഗൂഗിൾ-പേ അക്കൗണ്ടിൽ കഴിഞ്ഞ ആറുമാസത്തിനകം നിരവധി അസ്വഭാവിക സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. ഇടുക്കി ജില്ലയിലെ തേക്കടി ബോട്ടിംഗിനുള്ള പ്രവേശന ഫീസ്, ട്രാൻസ്പോർട്ടേഷൻ ഫീസ് എന്നിവ കളക്ട് ചെയ്യുന്ന കൗണ്ടറിലുള്ള ജീവനക്കാരുടെ ഗൂഗിൾ-പേ അക്കൗണ്ടുകൾ പരിശോധിച്ചതിൽ തേക്കടിയിലുള്ള ഹോട്ടൽ ടൂറിസം രംഗത്തുള്ള ആളുകളുമായി നിരന്തരമായി ഗൂഗിൾ-പേ ഇടപാടുകൾ നടത്തുന്നതായും, ഓരോരുത്തർക്കും പ്രതിമാസം ശരാശരി 40,000 രൂപയോളം ലഭിക്കുന്നതായും കാണപ്പെട്ടു.
ഇടുക്കി ജില്ലയിലെ ആനമുടി വനം സംരക്ഷണ സമിതികൾ ടൂറിസ്റ്റുകളിൽ നിന്നും പ്രവേശന ഫീസ് ഇനത്തിൽ പിരിക്കുന്ന തുകയ്ക്ക് നൽകുന്ന രസീതുകളിൽ രസീത് നമ്പരും സീലും ഇല്ല എന്നും വിജിലൻസ് കണ്ടെത്തി.. ഇടുക്കി ജില്ലയിലെ ഇരവികുളം നാഷണൽ പാർക്കിലെ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി നടത്തുന്ന ഷോപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകാതെ വന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതെന്നും കണ്ടെത്തി. തൃശ്ശൂർ ജില്ലയിലെ ആതിരപ്പള്ളി വനം വികസന സമിതി വനശ്രീ കൗണ്ടറുകൾ വഴി വില്പന നടത്തുന്ന സാധനങ്ങൾക്ക് ബില്ലുകൾ നൽകുന്നില്ലായെന്നും വിജിലൻസ് കണ്ടെത്തി.
പാലക്കാട് ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിന് കീഴിൽ വരുന്ന അനങ്ങാമല ഇക്കോ ഷോപ്പ് വഴി വിൽക്കുന്ന വന ഉൽപ്പന്നങ്ങളുടെ കണക്കുകളിൽ വൻ വ്യത്യാസമുള്ളതായി വിജിലൻസ് കണ്ടെത്തി. വയനാട് ജില്ലയിലെ ബാണാസുര-മീൻമുട്ടി വെള്ളച്ചാട്ടത്തിലെ വന സംരക്ഷണ സമിതിയിൽ 2022-ൽ വന വിഭവങ്ങൾ വിറ്റ വകയിലുള്ള 23,307/- രൂപ ഇതുവരെ വനം സംരക്ഷണ സമിതിയിൽ അടച്ചിട്ടില്ലായെന്നും, വയനാട് ജില്ലയിലെ തോൽപ്പട്ടി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള വനസംരക്ഷണ സമിതിയിൽ മിന്നൽ പരിശോധന നടത്തിയതിൽ ഇന്നലെ ഒരു ദിവസത്തെ കണക്കുകൾ പരിശോധിച്ചതിൽ പത്തുമണിവരെയുള്ള കണക്കിൽ 13,910/- രൂപയുടെ കുറവ് കാണപ്പെട്ടു. ഈ തുക ഗൂഗിൾ- പേ അക്കൌണ്ട് വഴി ഉദ്യോഗസ്ഥർ വാങ്ങിയതായി സംശയിക്കുന്നു.
കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വനം സംരക്ഷണ സമിതിയുടെ കീഴിൽ പാർക്കിംഗ് ഫീസിലായി പിരിക്കുന്ന തുകയുടെ രസീത് കുറച്ചുപേർക്ക് മാത്രമേ നൽകുന്നുള്ളുവെന്നും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ വനം വികസന ഏജൻസിയിൽ നടത്തിയ പരിശോധനയിൽ കല്ലാർ- മീൻമുട്ടി വനസംരക്ഷണ സമിതിയിൽ നിന്നും 2023 നവംബർ മാസം 6-ാം തീയതി 35,500/- രൂപ അടച്ചതായി പറയുന്നുണ്ടെങ്കിലും, വനം വികസന ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അക്കൗണ്ടിൽ പ്രസ്തുത തുക അടച്ചതായി കാണുന്നില്ല.
പത്തനംതിട്ട ജില്ലയിലെ കോന്നി വനം വികസന ഏജൻസി ചെയർമാൻ സ്റ്റോർ പർച്ചേസ് മാന്വൽ പാലിക്കാതെയും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെയും ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് 77,000/- രൂപയുടെ ടാബ് വാങ്ങിയതായതായും, അതോടൊപ്പം തന്നെ കോന്നി വനം വികസന ഏജൻസിയുടെ കീഴിലെ ഒട്ടുമിക്ക നിർമ്മാണ പ്രവർത്തികളും വനംവകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് നൽകിവരുന്നതായും, റാന്നി വനം വികസന ഏജൻസിയിൽ നടത്തിയ പരിശോധനയിൽ 2022-2023 സാമ്പത്തിക വർഷം വനം വികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ സാമ്പത്തിക വിനിയോഗ അധികാര പരിധിക്ക് പുറത്ത് 9 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് പുതിയ ബൊലേറോ വാഹനം വാങ്ങിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.
2012-ൽ ഇക്കോ ടൂറിസം വികസനത്തിനായി ഇടുക്കി ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 13 ലക്ഷം രൂപ നാളിതുവരെ ചിലവഴിച്ചിട്ടില്ലായെന്നും, തൃശ്ശൂർ ജില്ലയിലെ ചിമ്മിണി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ വനം വികസന ഏജൻസിയുടെ കീഴിലുള്ള ടെണ്ടർ വർക്കുകൾ ഒരേ കരാറുകാർ തന്നെയാണ് തുടർച്ചയായി നൽകിവരുന്നതായും വിജിലൻസ് കണ്ടെത്തി. രളത്തിലെ ഒട്ടുമിക്ക വനം വികസന സമിതികളിലും, വന സംരക്ഷണ സമിതികളിലും, വനം ഡവലപ്മെന്റ് കമ്മിറ്റികളിലും ദിവസംതോറുമുള്ല പണമിടപാട് എഴുതി സൂക്ഷിക്കേണ്ട ക്യാഷ് ബുക്ക് കൃത്യമായി പരിപാലിക്കാറില്ല എന്നും വനം വകുപ്പിന്റെ കീഴിലെ ഒട്ടുമിക്ക വന സംരക്ഷണ സമിതികളിലും ഇക്കോ വികസന കമ്മറ്റികളിലും കൃത്യമായി ഓഡിറ്റ് നടത്തുന്നില്ല എന്നും വിനോദ സഞ്ചാരികളിൽ നിന്നും ദിവസം തോറും പിരിച്ചെടുക്കുന്ന തുക തൊട്ടടുത്ത പ്രവർത്തി ദിവസം ബാങ്കിൽ അടയ്ക്കണം എന്നുള്ള നിർദ്ദേശം നിലവിലിരിക്കെ ഒട്ടുമിക്ക ഓഫീസുകളും പാലിക്കുന്നില്ല.
ഫീസ് കളക്ട് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളിലെ ഡാറ്റ തേക്കടി പെരിയാർ ടൈഗർ റിസർവിലെ കൌണ്ടറിൽ അതാത് ദിവസം തന്നെ ഡിലീറ്റ് ചെയ്തുകളയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റികളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മരാമത്ത് പ്രവർത്തികളിൽ അപാകതകൾ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പൊന്മുടി ഗോൾഡൻ വാലി ഇക്കോ ടൂറിസം സെന്ററിൽ തുകയെഴുതിയ ഉപ്പിടാത്ത മൂന്നു വൗച്ചറുകൾ പണം മാറി നൽകുന്നതിന് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊന്മുടി ഗോൾഡൻ വാലി ഇക്കോ ടൂറിസം സെൻററിലും കല്ലാർ ഇക്കോ ടൂറിസം സെന്ററിലും വൻതുക മുടക്കി സ്ഥാപിച്ച സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അധികകാലം കഴിയുന്നതിനുമുമ്പ് തന്നെ പ്രവർത്തനരഹിതമാക്കിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി. കെ വിനോദ്കുമാർ ഐ പി എസ് അറിയിച്ചു. വിജിലൻസ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അത്തല്ലൂരിയുടെ ചുമതലയിലും ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോന്റെ നേതൃത്വത്തിലുമാണ് സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പങ്കെടുത്ത മിന്നൽ പരിശോധന നടന്നത്.
Last Updated Dec 28, 2023, 9:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]