
ഐഎസ്എലിൽ മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അവിസ്മരണീയ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ ജയം. 9ആം മിനിട്ടിൽ ദിമിത്രിയോസ് ഡയമൻ്റക്കോസിൻ്റെ ഒരു സോളോ ഗോളാണ് മത്സരത്തിൻ്റെ വിധിയെഴുതിയത്. ഇതോടെ 26 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. (kerala blasters mohun bagan)
മോഹൻ ബഗാൻ തട്ടകമായ സാൾട്ട് ലേക്കിൽ അസാമാന്യ കെട്ടുറപ്പാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കാണിച്ചത്. വമ്പൻ താരങ്ങളടങ്ങുന്ന മുൻ ചാമ്പ്യന്മാരെ വരച്ച വരയിൽ നിർത്താൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. തുടക്കം മുതൽ ബ്ലാസ്റ്റേഴ്സാണ് ആക്രമിച്ചുതുടങ്ങിയത്. 4ആം മിനിട്ടിൽ ഡയമൻ്റക്കോസിൻ്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 9ആം മിനിട്ടിൽ സാൾട്ട് ലേക്കിനെ നിശബ്ദമാക്കിയ ഗോളെത്തി. ബുദ്ധിമുട്ടേറിയ ആംഗിളിൽ നിന്ന് ഡയമൻ്റക്കോസിൻ്റെ പവർഫുൾ ഫിനിഷ്.
മധ്യനിരയിൽ അസ്ഹറും ഐമനും ചേർന്ന് നിരന്തരം മുന്നേറ്റത്തിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. വലതുപാർശ്വത്തിൽ രാഹുലും മോഹൻ ബഗാന് തലവേദന സൃഷ്ടിച്ചു. പ്രതിരോധത്തിൽ ഡ്രിഞ്ചിച്ചും ലെസ്കോവിച്ചും മോഹൻ ബഗാൻ്റെ നീക്കങ്ങളുടെയൊക്കെ മുനയൊടിച്ചു. ആദ്യ പകുതിയിൽ മോഹൻ ബഗാൻ ആക്രമണങ്ങളൊക്കെ നിഷ്പ്രഭമാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചു.
Read Also:
രണ്ടാം പകുതിയിൽ മോഹൻ ബഗാൻ കുറച്ചുകൂടി സംഘടിതമായി കളിച്ചു. ചില അവസരങ്ങൾ തുറന്നെടുക്കാനും അവർക്ക് സാധിച്ചു. എന്നാൽ, സ്ട്രൈക്കർമാർക്ക് സ്പേസ് കൊടുക്കാതെ ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി പ്രതിരോധിച്ചപ്പോൾ ഇതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ക്രോസ് ബാറിനു താഴെ സച്ചിൻ സുരേഷിന് ഒരു തവണ പോലും പാനിക്ക് ആവേണ്ടിവന്നില്ലെന്നത് പ്രതിരോധത്തിൻ്റെ ഗുണമായിരുന്നു. എന്നാൽ, മറുവശത്ത് രാഹുലിൻ്റെ വൺ ഓൺ വണും ദൈസുക്കെയുടെ ഫസ്റ്റ് ടൈം ഷോട്ടും വിശാൽ കീത്ത് തട്ടിയകറ്റി. കീത്തിൻ്റെ രക്ഷപ്പെടുത്തലുകളില്ലായിരുന്നെങ്കിൽ മോഹൻ ബഗാൻ്റെ നില വീണ്ടും പരുങ്ങലിലായേനെ.
വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 18 മത്സരങ്ങളിൽ നിന്ന് 8 ജയവും രണ്ട് സമനിലയും അടക്കം 26 പോയിൻ്റായി. രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് 9 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുണ്ട്. മോഹൻ ബഗാൻ്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്. ചരിത്രത്തിൽ ഇതുവരെ മോഹൻ ബഗാൻ മൂന്ന് മത്സരം തുടരെ പരാജയപ്പെട്ടിട്ടില്ല.
Story Highlights: kerala blasters won mohun bagan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]