
പാചകവീഡിയോയിലൂടെ ഇന്റർനെറ്റിൽ തരംഗമായി മാറിയ അനേകം പേരുണ്ട് നമ്മുടെ നാട്ടിൽ. അതിൽ തന്നെ പലരും വളരെ എളുപ്പത്തിൽ ലഭിക്കുന്ന ചെറിയ ചെറിയ ചേരുവകളൊക്കെ ഉപയോഗിച്ച് പാചകം ചെയ്യുന്നവരാണ്. അതുപോലെ യൂട്യൂബിൽ 12 ലക്ഷം സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബറാണ് രാജേഷ് റവാനി.
രാജേഷ് ഒരു ദീർഘദൂര ട്രക്ക് ഡ്രൈവറാണ്. അതിനിടയിൽ എവിടെവച്ച്, എങ്ങനെയാണ് രാജേഷ് ഈ കുക്കിംഗ് വീഡിയോകൾ തയ്യാറാക്കുന്നത് എന്നല്ലേ? യാത്രകൾക്കിടയിലാണ് രാജേഷ് ഈ പാചകമെല്ലാം നടത്തുന്നതും പാചകവീഡിയോകൾ എടുക്കുന്നതുമെല്ലാം. മട്ടൺ കറി, മീൻ കറി, പനീർ ഫ്രൈഡ് റൈസ് തുടങ്ങിയ വിഭവങ്ങളാണ് കിട്ടുന്ന വളരെ പരിമിതമായ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് രാജേഷ് തയ്യാറാക്കുന്നത്.
വളരെ ലളിതമായ പാചകവും വിനയം നിറഞ്ഞ പെരുമാറ്റവുമെല്ലാം ഈ യൂട്യൂബറെ ആളുകൾക്ക് പ്രിയങ്കരനാക്കി മാറ്റി. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും എല്ലാം ഹിറ്റാണ് രാജേഷിന്റെ പാചകവീഡിയോകൾ. പലരും രാജേഷിനെ മാസ്റ്റർഷെഫ്, ബെസ്റ്റ് ഫുഡ് വ്ലോഗർ എന്നെല്ലാം വിളിക്കാറുണ്ട്. മാത്രമല്ല, നെറ്റിസൺസ് അദ്ദേഹത്തിന്റെ ട്രക്കിനെ വിശേഷിപ്പിക്കുന്നത് ഫൈവ് സ്റ്റാർ റെസ്റ്റോറന്റ്, സഞ്ചരിക്കുന്ന ധാബ എന്നെല്ലാമാണ്.
നിലവിൽ നാല് ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സും 12 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബർമാരുമാണ് രാജേഷിനുള്ളത്. അദ്ദേഹത്തിന്റെ മകൻ സാഗറും മിക്കവാറും നിരവധി ട്രക്ക് യാത്രകളിൽ രാജേഷിനൊപ്പം ഉണ്ടാവാറുണ്ട്. സാഗറാണ് രാജേഷിന് വേണ്ടി വീഡിയോ എടുക്കുകയും എഡിറ്റ് ചെയ്യുകയും ഒക്കെ ചെയ്യുന്നത്.
വളരെ രസകരമായ അനേകം കമന്റുകൾ രാജേഷിന്റെ വീഡിയോയ്ക്ക് വരാറുണ്ട്. അതിൽ ആ ട്രക്കിൽ ഒരു ജോലി തരപ്പെടുത്തിത്തരാമോ എന്ന് ചോദിക്കുന്നവരുണ്ട്. യാത്രയിൽ ഒപ്പം കൂടിക്കോട്ടെ എന്ന് ചോദിക്കുന്നവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Dec 27, 2023, 5:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]