
ബെംഗളൂരു: വഞ്ചനാക്കേസില്‍ കുറ്റാരോപിതയായ ഗായികയും നടന് രജനികാന്തിന്റെ ഭാര്യയുമായ ലതാ രജനികാന്ത് കഴിഞ്ഞ ദിവസമാണ് ബെംഗളൂരു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്. രജനികാന്ത് നായകനായെത്തിയ ‘കൊച്ചടൈയാന്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചതായി ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ട്ടൈസിങ് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ കേസിലാണ് ലത ഹാജരായത്.
ലതയുടെ പേരിലുള്ള കേസില്‍ വഞ്ചനയ്ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും ചുമത്തിയ വകുപ്പുകള്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ എതിര്‍കക്ഷി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ലത രജനികാന്തിനെതിരായ കുറ്റങ്ങള്‍ സുപ്രീം കോടതി പുനഃസ്ഥാപിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25,000 രൂപ പണമടച്ചുമാണ് കോടതി ലതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജറരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ജനുവരി ആറിലേയ്ക്ക് മാറ്റി.
തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ലത രജനികാന്ത് എ.എന്‍.ഐയോട് പറഞ്ഞു. കോടതി നടപടികള്‍ അവസാനിച്ചതിന് ശേഷമായിരുന്നു പ്രതികരണം.
”എന്നെ സംബന്ധിച്ച് ഈ കേസ് നാണക്കേടും ദ്രോഹവുമാണ്. പ്രശസ്തിയിയുള്ള വ്യക്തികളെ ചൂഷണം ചെയ്യുക എന്നതിലപ്പുറമൊന്നുമില്ല. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ കൊടുക്കേണ്ടി വരുന്ന വിലയാണിത്. കേസ് വലുതല്ലെങ്കിലും വാര്‍ത്താശ്രദ്ധ വളരെ കൂടുതലായിരിക്കും. ഇവിടെ വഞ്ചന നടന്നിട്ടില്ല”- ലത പറഞ്ഞു.
രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കൊച്ചടൈയാന്‍’. ആഡ് ബ്യൂറോയായിരുന്നു ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്യൂസര്‍. ഇവര്‍ നിക്ഷേപിച്ച 14.09 കോടി രൂപയ്ക്ക് ലതാ രജനികാന്തായിരുന്നു ജാമ്യം. തുക തിരികെ ലഭിച്ചില്ലെന്നാരോപിച്ചാണ് ആഡ് ബ്യൂറോ കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]