
ദില്ലി: ബോളിവുഡില്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നടനും നിര്‍മ്മാതാവുമായ കമാല്‍ ആര് ഖാനെ തിങ്കളാഴ്ച മുംബൈ വിമാനതാവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. ദുബായില്‍ സ്ഥിര താമസമാക്കിയ കമാല്‍ ആര് ഖാന് അവിടുത്തേക്കുള്ള വിമാനം കയറാനിരിക്കെയാണ് മുംബൈ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2016 ലെ ഒരു കേസിലാണ് അറസ്റ്റ് എന്നാണ് വിവരം.
അതേ സമയം അറസ്റ്റിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടുവെന്നാണ് വിവരം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ കമാല്‍ ആര് ഖാന് തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ മുംബൈയിലുണ്ട്. വിവിധ കേസുകളുമായി സഹകരിച്ച് കോടതിയില്‍ കൃത്യമായി ഹാജറാകുന്നുണ്ട്. അതിനാല്‍ തന്നെ തനിക്കെതിരായ അറസ്റ്റ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കമാല്‍ ആര് ഖാന് പറഞ്ഞു.
“ഞാൻ ഏതെങ്കിലും സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിലോ ജയിലിലോ മരിക്കുകയാണെങ്കിൽ അത് കൊലപാതകമാണെന്ന് നിങ്ങൾ എല്ലാവരും മനസിലാക്കണം. അതിന് ആരാണ് ഉത്തരവാദിയെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം,” അദ്ദേഹം പേരുകളൊന്നും പറയാതെ സോഷ്യല്‍ മീഡിയയില്‍ എഴുതി. ഒപ്പം തന്നെ “ടൈഗർ -3” (2023) ചിത്രത്തിന്റെ പരാജയത്തിന് ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാൻ തന്നെ കുറ്റപ്പെടുത്തുന്നുവെന്നും കമല്‍ ആര് ഖാന് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നിരവധി മാധ്യമസ്ഥാപനങ്ങളെയും കമാൽ ഖാൻ തന്റെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരായ പരാമർശങ്ങൾ, ട്വീറ്റുകൾ, സിനിമാ അവലോകനങ്ങൾ, കൂടാതെ വർഗീയ പ്രസ്താവനകൾ എന്നിവയുടെ പേരില്‍ കുറേ കേസുകള്‍ സ്വന്തം പേരിലുണ്ട് കമാല്‍ ആര് ഖാന്.
കമാൽ റാഷിദ് ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് റാഷിദ് മുഹമ്മദ് ഇഖ്ബാൽ കമാൽ ഹിന്ദി, ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇദ്ദേഹം തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്യാറ്. ദേശദ്രോഹി ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
Last Updated Dec 26, 2023, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]