
മസ്തിഷ്ക കോശങ്ങളെ മയക്കത്തിൽ നിന്നുണർത്താൻ, മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വെറുമൊരു സിനിമാപ്പാട്ടിന് കഴിയുമോ? കഴിയും, കഴിഞ്ഞിട്ടുണ്ട്. അതാണ് ചരിത്രം.
സംശയം തോന്നാം. മെഡിക്കൽ സയൻസ് പോലും തോൽവി സമ്മതിച്ചിടത്ത് വെറുമൊരു പാട്ടിന് എന്ത് അത്ഭുതമാണ് സൃഷ്ടിക്കാൻ കഴിയുക? വൃഥാവ്യായാമം എന്നു പറഞ്ഞ് ഇത്തരം പരീക്ഷണങ്ങളെ എഴുതിത്തള്ളുന്ന എത്രയോ ‘വിദഗ്ദ്ധ’രെ കണ്ടുമുട്ടിയിട്ടുണ്ട്. ശാസ്ത്രീയമായ അവരുടെ കാഴ്ചപ്പാടുകൾ അംഗീകരിച്ചാൽതന്നെ, പാട്ടിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ അത്ഭുതകഥകൾ അവഗണിക്കാനാകുമോ നമുക്ക്?
ഏഴു വയസ്സുകാരിയായ രാധിക എന്ന കുട്ടിയുടെ അനുഭവം ഓർമ്മവരുന്നു. മുൻപ് എഴുതിയിട്ടുള്ളതാണ്. അബദ്ധത്തില്‍ കഴുത്തിൽ ചുരിദാറിന്റെ ഷാൾ ചുറ്റി ബോധഹീനയായ രാധിക 71 ദിവസമാണ് നിശ്ചലയായി ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗശയ്യയില്‍ ചെലവഴിച്ചത്. തൊട്ടു വിളിച്ചാൽ പോലും പ്രതികരണമില്ലാത്ത അവസ്ഥ.
ചികിത്സകൾ ഒന്നും ഫലിക്കാതെ വന്നപ്പോൾ അറ്റകൈക്ക് ഒരു പരീക്ഷണം നടത്തി നോക്കി അവിടത്തെ ഡോക്ടർമാർ -ഒരു സംഗീത ചികിത്സ. മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ഏതെന്നു മാതാപിതാക്കളിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി അവർ. പിന്നെ ആ ഗാനം റെക്കോഡ് ചെയ്തു ഹെഡ് ഫോണില്‍ കുട്ടിയ്ക്ക് കേള്‍പ്പിച്ചു കൊടുത്തു. ഏത് അബോധാവസ്ഥയിലും ഏറ്റവും പ്രിയപ്പെട്ട പാട്ടിന്റെ ഈണത്തോട് മസ്തിഷ്കം നേർത്ത തോതിലെങ്കിലും അനുകൂലമായി പ്രതികരിച്ചേക്കാമെന്ന പ്രതീക്ഷയിലാകാം.
അത്ഭുതം. മൂന്നേ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സുഖകരമായ ഒരു ഉച്ചയുറക്കത്തില്‍ നിന്നെന്നവണ്ണം രാധിക ഞെട്ടിയുണരുന്നു. കാതില്‍ ഒഴുകിയെത്തിയ ഗാനം അവളെ അത്രകണ്ട് സ്പർശിച്ചിരിക്കണം. പതുക്കെ തന്റെ പ്രിയ ഗാനത്തിനൊത്ത് താളമിടാനും ചുണ്ടുകള്‍ ചലിപ്പിക്കാനും തുടങ്ങി അവള്. മാഞ്ഞുപോയ പുഞ്ചിരി മുഖത്തു വീണ്ടും തെളിഞ്ഞു. ഒരാഴ്ചക്കകം, നഷ്ടപ്പെട്ടു പോയെന്നു കരുതിയ സ്വന്തം മകള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് വിസ്മയം കലര്‍ന്ന ആഹ്ളാദത്തോടെ രാധികയുടെ മാതാപിതാക്കള്‍ കണ്ടുനിന്നു.
രാധികയുടെ കാതുകളില്‍ അമൃതം ചൊരിഞ്ഞ ഗാനം ഏതെന്നുകൂടി അറിയുക: കൈതപ്രത്തിന്റെ വരികളിൽ നിന്ന് എം ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി എം ജി ശ്രീകുമാറും ചിത്രയും പാടിയ ‘അദ്വൈത’ത്തിലെ “അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ, എന്തു പരിഭവം മെല്ലെ ഓതിവന്നുവോ..”
പാട്ടിന്റെ ഈണമോ വരികളോ അതോ ആലാപനമോ ഏതാണ് ആ കുഞ്ഞുമനസ്സിനെ സ്വാധീനിച്ചിരിക്കുക? ഏതുമാകാം. മൂന്നു ഘടകങ്ങളും ചേർന്ന് സൃഷ്ടിച്ച പ്രസാദമധുരമായ അന്തരീക്ഷവുമാകാം.എന്തായാലും സിനിമാപ്പാട്ട് വെറുമൊരു നേരമ്പോക്ക് മാത്രമല്ല എന്ന തിരിച്ചറിവ് പകരുന്നുണ്ട് ഇത്തരം അനുഭവങ്ങൾ. ചിലപ്പോഴെങ്കിലും അത് സിനിമയിലെ സന്ദർഭത്തിനും കാലത്തിനു തന്നെയും അപ്പുറത്തേക്ക് വളരുന്നു; മൃതസഞ്ജീവനി പോലുമാകുന്നു.
ഈണവും വരികളും പിറന്ന നിമിഷങ്ങളിൽ തന്നെ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കും ആ പാട്ടെന്ന് തോന്നിയിരുന്നുവെന്ന് കൈതപ്രം. “പ്രിയൻ ഗാനസന്ദർഭം വിവരിച്ചതിന് പിന്നാലെ രാധാകൃഷ്ണൻ ചേട്ടന്റെ ഹാർമോണിയത്തിൽ പിറന്നത് ഒരു സന്ധ്യാനാമത്തിന്റെ ഈണമാണ്. കളഭചന്ദനാദികളുടെ സുഗന്ധമുള്ള ഈണം. അതിൽ പ്രണയം നിറക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ എനിക്ക്.”
അധികം വൈകാതെ “അച്യുതാനന്ദ ഗോവിന്ദമാധവാ” എന്ന ശ്രീകൃഷ്ണസ്തുതിയുടെ ഈണത്തിൽ തൃപ്രസാദവും മൗനചുംബനങ്ങളുമായി ഒരു കാമുകി വന്നു നിറയുന്നു. ഗാനത്തിന്റെ ആത്മാവിലൂടെ ഭക്തിയും പ്രണയവും ഒരുമിച്ചൊഴുകി ഒന്നാകുന്നു. ശ്രീകുമാറും ചിത്രയും ചേർന്ന് ഹൃദയഹാരിയായ ആലാപനത്തിലൂടെ ആ ഗാനത്തെ അഭൗമമായ തലത്തിലേക്കുയർത്തുന്നു.
“അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൗനചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ…”
മുൻപൊരിക്കൽ ഒരു ഭക്തിഗാന ആൽബത്തിന് വേണ്ടി എം ജി ആർ സൃഷ്ടിച്ചതാണീ ഈണം. സിനിമയിൽ പുനരാവിഷ്കരിക്കപ്പെട്ടപ്പോൾ സമാനതകളില്ലാത്ത പ്രണയഗീതമായി മാറി അത്. ഗ്രാമ്യവിശുദ്ധി നിറഞ്ഞ ഗാനം.
“അഗ്നിസാക്ഷിയായ് ആലിലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽകും
യമുനാ നദിയായ് കുളിരലയിളകും നിനവിൽ..”
“അമ്പലപ്പുഴെ എന്ന തുടക്കം എന്റെ ആശയമായിരുന്നു.” — കൈതപ്രത്തിന്റെ ഓർമ്മ. “പാട്ടിന്റെ പിന്നണിക്കാർ ഭൂരിഭാഗവും ആ പ്രദേശത്തുള്ളവരാണല്ലോ. രാധാകൃഷ്ണൻ ചേട്ടൻ, ശ്രീക്കുട്ടൻ, പ്രിയദർശൻ… സ്വാഭാവികമായും മൂന്ന് പേരും നിറഞ്ഞ ഹൃദയത്തോടെ തന്നെ ആ വരികൾ സ്വീകരിച്ചു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തന്റെ സിനിമകളിലെ ഏറ്റവും പ്രിയപ്പെട്ട ഗാനമായി അമ്പലപ്പുഴെ എടുത്തുപറയാറുണ്ട് പ്രിയൻ. അദ്വൈതത്തിന്റെ നിർമ്മാതാവ് പി വി ഗംഗാധരന്റേയും എക്കാലത്തെയും പ്രിയഗാനമായിരുന്നു അത്; മരണം വരെ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ റിംഗ്ടോണും.