

First Published Dec 26, 2023, 9:29 PM IST
കണ്ണിനെ ബാധിക്കുന്ന പലവിധത്തിലുള്ള രോഗങ്ങളും പ്രയാസങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ മിക്കവര്‍ക്കും അറിയാതെ പോകാൻ സാധ്യതയുള്ളൊരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ‘തൈറോയ്ഡ് ഐ ഡിസീസ്’ എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.
പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടൊരു പ്രശ്നം തന്നെയാണിത്. എന്നാല്‍ ഇതിന്റെ ഭാഗമായി കണ്ണില്‍ കാണുന്ന പ്രശ്നങ്ങളോ ലക്ഷണങ്ങളോ എല്ലാം പല നേത്രരോഗങ്ങളിലേതിനും സമാനമാണ്.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാതിരിക്കുന്നത് മൂലം കണ്ണ് ബാധിക്കപ്പെടുന്ന അവസ്ഥയാണ് ‘തൈറോയ്ഡ് ഐ ഡിസീസ്’. ഇതൊരിക്കലും നിസാരമായൊരു അവസ്ഥയേ അല്ല. ഏറെ പ്രയാസങ്ങളാണ് ഇതുമൂലം രേഗി നേരിടേണ്ടിവരിക.
പ്രധാനമായും കണ്ണ് വല്ലാതെ തുറിച്ച നിലയിലേക്ക് ആയി മാറുന്നതാണ് ഇതിന്റെയൊരു പ്രശ്നം. ഈ രോഗത്തിന്റെ വലിയൊരു ലക്ഷണവും ഇതുതന്നെ. കണ്ണില്‍ നീര് വരുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കാഴ്ചയില്‍ തന്നെ വല്ലാത്തൊരു ബുദ്ധിമുട്ട് മറ്റുള്ളവര്‍ക്ക് തോന്നുന്നത് മൂലം രോഗിയും പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാകാം.
കണ്ണില്‍ നിന്ന് എപ്പോഴും വെള്ളം വരിക, കണ്ണ് കലങ്ങി ചുവന്ന നിറമായി മാറുക, കണ്ണ് വല്ലാതെ ഡ്രൈ ആയിരിക്കുക, കണ്ണില്‍ ചെറിയ വേദന, അസ്വസ്ഥത, കാണുന്ന കാഴ്ചകള്‍ രണ്ടായി കാണുന്ന അവസ്ഥ, കണ്ണുകള്‍ അനക്കുമ്പോള്‍ കാര്യമായ വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം രോഗത്തിന്റെ തീവ്രത അനുസരിച്ച് ഏറിയും കുറഞ്ഞും രോഗിയില്‍ കാണാം.
രോഗം ഗുരുതരമായാല്‍ അത് കാഴ്ചയെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്യാം. ഇങ്ങനെ വരുമ്പോള്‍ എന്നത്തേക്കുമായി കാഴ്ചാശക്തി നഷ്ടപ്പെടുന്നത് വരെയുണ്ടാകാം.
കണ്ണില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നപക്ഷം, കൃത്യമായി പരിശോധന നടത്തുക, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധനയിലൂടെ കൃത്യമാണോ അല്ലയോ എന്നുറപ്പുവരുത്തുക, സ്കാനിംഗ്, രക്തപരിശോധന എന്നിങ്ങനെയുള്ള പലവിധ പരിശോധനകളിലൂടെ ‘തൈറോയ്ഡ് ഐ ഡിസീസ്’ കണ്ടെത്താൻ സാധിക്കും. എന്തായാലും കണ്ണിന് അസ്വസ്ഥതയോ വേദനയോ നീരോ കണ്ടാല്‍ വൈകാതെ ആശുപത്രിയില്‍ പോകാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Dec 26, 2023, 9:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]