
10:03 PM IST:
ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. സ്ഥലത്ത് ബോംബ് സ്ക്വാഡും ദില്ലി പൊലീസും എൻഐഎയും പരിശോധന നടത്തിയെങ്കിലും പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയിലെ എംബസിക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. എംബസിക്ക് സമീപത്ത് നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഫയർഫോഴ്സിന് ഫോൺ സന്ദേശം ലഭിച്ചത്.
10:03 PM IST:
ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ പ്രതിഷേധം കടുപ്പിച്ച് കൂടുതൽ ഗുസ്തി താരങ്ങൾ. രാജ്യം നൽകിയ ഖേൽ രത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് വിനേഷ് നിലപാട് വ്യക്തമാക്കിയത്. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് കത്തിൽ ചൂണ്ടിക്കാട്ടി.
6:39 PM IST:
സിപിഎമ്മിനെതിരെ വിമര്‍ശന സ്വരമുയര്‍ത്തി മുൻ മന്ത്രി ജി സുധാകരൻ. ‘മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ആലപ്പുഴയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവേ ജി സുധാകരൻ അഭിപ്രായപ്പെട്ടു.
1:22 PM IST:
കോഴിക്കോട് കാക്കൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. പൊലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു.
12:47 PM IST:
കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രമാണ്. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ റിപ്പോർട്ട് ചെയ്തു.
12:46 PM IST:
തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കേരളം. ഡിസംബര്‍ 22 മുതല്‍ 25 വരെ ആറ് ലോഡ് അവശ്യ സാധനങ്ങള്‍ തൂത്തുക്കുടിയില്‍ എത്തിച്ചു. ഇന്ന് അഞ്ച് ലോഡ് തയ്യാറായിട്ടുണ്ട്. ഇന്നത്തോടെ (ഡിസംബര്‍ 26) പൊതുസംഭരണം അവസാനിക്കും.
12:46 PM IST:
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെ. കഴിഞ്ഞ തവണത്തെ നോൺവെജ് വിവാദത്തെ തുടർന്ന് കലാമേളയിൽ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ എന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറിൽ പഴയിടം പങ്കെടുത്തത്.
12:45 PM IST:
മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്.കഴിഞ്ഞ വർഷം 222.98കോടിയായിരുന്നു വരുമാനം.കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. (63,89,10,320). അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു.
12:45 PM IST:
പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. റോഡിലൂടെ കാടിലേക്ക് കയറി പോകുകയായിരുന്നു.
12:45 PM IST:
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. മത വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ മത ചടങ്ങുകളെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. നേരത്തെ, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു.
12:44 PM IST:
സ്വതന്ത്ര പലസ്തീനാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തനിക്കും തരൂരിനും ആ നിലപാടാണ്. അതിൽ അഭിപ്രായ ഭിന്നതയില്ല. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ അടിസ്ഥാന നയത്തിന് വിരുദ്ധമായി തനിക്കും തരൂരിനും നിലപാട് എടുക്കാനാവില്ലെന്നും തരൂരിൻ്റെ ഹമാസം പരാമർശത്തിൽ വി.ഡി. സതീശൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ‘ഫെയ്സ് ദി പീപ്പിൾ’ പരിപാടിയിലാണ് തരൂർ ഹമാസം പരാമർശത്തിൽ നിലപാട് ആവർത്തിച്ചത്. ഇതിനോടായിരുന്നു സതീശൻ്റെ പ്രതികരണം.
7:57 AM IST:
ഫ്രാൻസ് മനുഷ്യകടത്ത് ആരോപിച്ച് തടഞ്ഞുവച്ച വിമാനം മുംബൈയിലെത്തി. ന്ത്യയിലെ ഏജൻസികളും സംഭവം അന്വേഷിക്കും. വിമാനത്തിന് ഫ്രാൻസ് യാത്ര അനുമതി നല്‍കിയത് ഉന്നത ഇടപെടലിനു ശേഷം
7:57 AM IST:
തലശ്ശേരി സ്റ്റേഡിയത്തിൽ പന്തൽ പണിക്കെത്തിയ യുവാവ് സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് നൂഞ്ഞമ്പ്രം സജിൻ കുമാർ (24) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം
7:56 AM IST:
തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ലെന്ന് ശശി തരൂർ. ജനത്തിന് മതിയായെങ്കിൽ അവർക്ക് മാറ്റാൻ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും തരൂർ പറഞ്ഞു.
7:55 AM IST:
ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു.
7:55 AM IST:
റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു.
7:54 AM IST:
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു. ദർശനത്തിന് നീണ്ട ക്യൂ ഇന്നുമുണ്ട്. ശബരീപീഠം വരെയാണ് ദർശനത്തിനുള്ള നിര. പന്പയിലടക്കം കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.