
ദക്ഷിണാഫ്രിക്ക x ഇന്ത്യ
ആദ്യ ക്രിക്കറ്റ് ടെസ്റ്റ്
നാളെ രാവിലെ 11.00
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സെഞ്ചൂറിയന്‍ – ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനില്‍ നാളെ ആരംഭിക്കും. ഓസ്ട്രേലിയയും ഇംഗ്ലണ്ടും കീഴടക്കിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവസാന തീരമാണ് ദക്ഷിണാഫ്രിക്ക. 2010 ല്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക തിരിച്ചെത്തിയ ശേഷം എട്ട് പരമ്പരകള്‍ കളിച്ചിട്ടും ഇന്ത്യക്ക് ഇവിടെ വിജയിക്കാനായിട്ടില്ല. 2010-11 സീസണില്‍ മൂന്ന് മത്സര പരമ്പര 1-1 സമനിലയായതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. രണ്ടു വര്‍ഷം മുമ്പ് അവസാന പര്യടനത്തില്‍ ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക നേടി.
ഇത്തവണ രണ്ട് ടെസ്റ്റേ ഉള്ളൂ -സെഞ്ചൂറിയനിലും കേപ്ടൗണിലും. ആദ്യ ടെസ്റ്റ് ജയിക്കുന്ന ടീമിന് പരമ്പരയില്‍ തോല്‍വി ഒഴിവാക്കാം. ലോകകപ്പില്‍ ചരിത്രം സൃഷ്ടിക്കാനുള്ള അവസരം ഇരു ടീമുകളും തലനാരിഴക്ക് കൈവിട്ടിരുന്നു. ആ നിരാശ തീര്‍ക്കാന്‍ ഇന്ത്യന്‍ ടീമിന് കൈവന്ന അവസരമാണ് ഇത്. മുന്‍ നായകന് ഡീന്‍ എല്‍ഗറിന് വിജയത്തോടെ വിടവാങ്ങല്‍ നല്‍കാനുള്ള ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക ടീം.
ദക്ഷിണാഫ്രിക്ക അവസാനം ടെസ്റ്റ് കളിച്ചത് മാര്‍ച്ചിലാണ്. ഇന്ത്യ ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റ് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ തടസ്സപ്പെടുത്തി. സെഞ്ചൂറിയനിലും ആദ്യ രണ്ടു ദിവസം മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം.
വ്യക്തിപരമായ ആവശ്യത്തിനായി ലണ്ടനിലേക്ക് പോയ മുന്‍ നായകന് വിരാട് കോലി തിരിച്ചെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അമ്പതിന് മുകളില്‍ ബാറ്റിംഗ് ശരാശരിയുള്ള ഏക ഇന്ത്യന്‍ ബാറ്ററാണ് കോലി. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയില്‍ പരമ്പര തോറ്റതിന്റെ പിറ്റേന്നാണ് കോലി ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചത്
കെ.എല്‍ രാഹുല്‍ ആദ്യമായി ടെസ്റ്റില്‍ വിക്കറ്റ് കാക്കാനൊരുങ്ങുകയാണ്. ടെസ്റ്റ് ടീമില്‍ ഓപണര്‍ സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ കീപ്പിംഗ് ചുമതലയുമായി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രാഹുല്‍ വിക്കറ്റ്കീപ്പറുടെ ദൗത്യം ഭംഗിയായി നിറവേറ്റുന്നുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിക്കലേ കീപ്പറായിട്ടുള്ളൂ, 2021 ഇംഗ്ലണ്ട് പര്യടനത്തിലെ പരിശീലന മത്സരത്തില്‍. സെഞ്ചൂറിയന്‍ രാഹുലിന് ആഹ്ലാദകരമായ ഓര്‍മയാണ്. രണ്ടു വര്‍ഷം മുമ്പ് സെഞ്ചൂറിയനില്‍ രാഹുല്‍ സെഞ്ചുറിയടിച്ചിരുന്നു.
രണ്ടാം ഓള്‍റൗണ്ടറുടെ സ്ഥാനം പെയ്സ്ബൗളര്‍ ശാര്‍ദുല്‍ താക്കൂറിന് നല്‍കണോ അതോ സ്പിന്നര്‍ ആര്. അശ്വിന് നല്‍കണമോയെന്ന കാര്യം ഇന്ത്യന്‍ ടീം മാനേജ്മെന്റ് തല പുകക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും ഓപണ്‍ ചെയ്യും. ശുഭ്മന്‍ ഗില്ലും കോലിയും ശ്രേയസ് അയ്യറും മധ്യനിരയിലുണ്ടാവും. ഒന്നാം സ്പിന്നര്‍ രവീന്ദ്ര ജദേജയാണ്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പെയ്സാക്രമണത്തിന് ചുക്കാന്‍ പിടിക്കും.
ഏകദിന പരമ്പരയില്‍ തിളങ്ങിയ ടോണി ഡിസോര്‍സിയും പുതുമുഖം ഡേവിഡ് ബെഡിംഗാമും ദക്ഷിണാഫ്രിക്കന്‍ പ്ലേയിംഗ് ഇലവനിലുണ്ടാവുമെന്നാണ് സൂചന. പെയ്സ്ബൗളര്‍മാരായ കഗീസൊ റബാദയുടെയും ലുന്‍ഗി എന്‍ഗിഡിയുടെയും പരിക്ക് ഭേദമായിട്ടുണ്ട്.
സൂപ്പര്‍സ്പോര്‍ട് പാര്‍ക്കിലെ പിച്ച് വേഗമേറിതാണ്. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ബാറ്റിംഗ് കൂടുതല്‍ വിഷമകരമാക്കും. ദക്ഷിണാഫ്രിക്കയുടെ കോട്ടയാണ് സെഞ്ചൂറിയന്‍. 28 ടെസ്റ്റില്‍ ഇരുപത്തിരണ്ടും അവര്‍ ഇവിടെ ജയിച്ചു. എന്നാല്‍ കഴിഞ്ഞ പര്യടനത്തില്‍ ഈ ഗ്രൗണ്ടില്‍ അവരെ കീഴടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.