
തിരുവനന്തപുരം: നവകേരളസദസിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകാൻ തീരുമാനം. പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോഴാണ് പ്രകടനം വിലയിരുത്തി പാരിതോഷികം നൽകാനുള്ള നീക്കം. അതിക്രമം രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പിന്തുണക്ക് പിന്നാലെയാണ് സമ്മാനം.
പ്രതിഷേധങ്ങളെ മുഴുവൻ അടിച്ചൊതുക്കിയായിരുന്നു കാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള നവകേരള സദസ്സിൻ്റെ യാത്ര. കരിങ്കോടി പ്രതിഷേധത്തെ സിപിഎംകാർക്കൊപ്പം പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും എസ്കോർട്ട് സ്റ്റാഫും വരെ പ്രോട്ടോക്കോൾ ലംഘിച്ചുതല്ലിച്ചതച്ചു. പ്രതിപക്ഷം അതിശക്തമായി വിമർശനം ഉന്നയിക്കുകയും കോടതി കയറുകയും ചെയ്ത പൊലീസ് നടപടിക്കാണിപ്പോൾ നവകേരള സമ്മാനം. സ്തുത്യർഹ സേവനം കാഴ്ച വെച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഗുഡ് സർവ്വീസ് എൻട്രി നൽകാൻ മേലധികാരികൾക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ നിർദ്ദേശം നൽകി. കൂടുതൽ മികച്ച സേവനം നൽകിയവർക്ക് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് പാരിതോഷികം നൽകേണ്ടതുണ്ടെങ്കിൽ പേര് വിവരങ്ങൾ ശുപാർശ ചെയ്യാനും നിർദ്ദേശമുണ്ട്. ഇന്നലെ വൈകീട്ടാണ് ഐജിമാർക്ക് ഡിഐജിമാർക്കും എസ്പിമാർക്ക് എഡിജിപിയുടെ സന്ദേശമെത്തിയത്.
അടിച്ചൊതുക്കലിനെ രക്ഷാദൗത്യമാക്കി ന്യായീകരിക്കന്ന മുഖ്യമന്ത്രിയുടെ നടപടിക്ക് പിന്നാലെയാണ് എഡിജിപിയുടെ പാരിതോഷികം
വ്യാപക വിമർശനം ഉയർന്ന പൊലീസ് നടപടിയെ പൂർണ്ണമായും ആഭ്യന്തരവകുപ്പ് ന്യായീകരിച്ച് അംഗീകരിക്കുന്നു. മികച്ച കുറ്റാന്വേഷണം, അസാധാരണ സാഹചര്യം കാര്യക്ഷമമായ ഇടപെടൽ എന്നിവക്കാണ് സാധാരണ ഗുഡ് സർവ്വീസ് എൻട്രി നൽകാറുള്ളത്. സമരക്കാരെ അടിച്ച ഗൺമാൻ വരെ പാരിതോഷിക പട്ടികയിൽ വരുമോ എന്നാണ് ഇനി അറിയേണ്ടത്. എല്ലാ പ്രതിസന്ധികാലത്തും സർക്കാറിനെ കയ്യയച്ച് സഹായിച്ച് ഇടപെടുന്ന എഡിജിപിയുടെ പലതവണ വിവാദത്തിലായിരുന്നു. സേനക്കുള്ളിലെ അതൃപ്തിയുണ്ടായിരുന്നു. വിജിലൻസ് മേധാവിയായിരിക്കെ സ്വപ്ന സുരേഷിനെ ഇടനിലക്കാരൻ വരെ സ്വാധീനിക്കാൻ ശ്രമിച്ചതോടെ സ്ഥാനചലനമുണ്ടായി. പക്ഷേ, അതിവേഗം സർക്കാർ പിന്നെ നിയമിച്ചത് ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തികയിൽ. മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതടക്കം സർക്കാർ ആഗ്രഹിക്കുന്നതെല്ലാം ചെയ്തുള്ള എഡിജിപിയുടെ വിവാദ നടപടികളുടെ തുടർച്ചയാണ് ഗുഡ് സർവ്വീസ് എൻട്രി തീരുമാനം.
Last Updated Dec 25, 2023, 4:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]