
തോപ്പുംപടി: മലയാള സിനിമാരംഗത്ത് നാല് പതിറ്റാണ്ടിലധികം പ്രവർത്തിച്ച നടി കുമ്പളങ്ങി ബീന, ഒറ്റപ്പെടലിന്റെയും രോഗദുരിതങ്ങളുടെയും വേദന താങ്ങാനാവാതെ അടൂരിലെ ജനസേവന കേന്ദ്രത്തിൽ അഭയം തേടി. പത്മരാജന്റെ കള്ളൻ പവിത്രൻ എന്ന സിനിമയിൽ നായികയായി ശ്രദ്ധിക്കപ്പെട്ട ബീന പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മാമാങ്കം, തളിരിട്ട കിനാക്കൾ, തൃഷ്ണ, മുന്നേറ്റം, വിടപറയും മുമ്പേ, രണ്ടു മുഖങ്ങൾ, വിഷം, ഉരുക്കുമുഷ്ടികൾ, കാണാമറയത്ത്, തൂവൽസ്പർശം, ഗ്രീഷ്മ ജ്വാല, ആറ്റും മണമ്മേലെ ഉണ്ണിയാർച്ച, ചാപ്പ, മാറ്റുവിൻ ചട്ടങ്ങളെ, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം തുടങ്ങി അറുപതോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ധാരാളം സീരിയലുകളിലും വേഷമിട്ടു. 2014-ൽ കല്യാണ രാമൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
ഭർത്താവ് സാബു അഞ്ച് വർഷം മുൻപ് മരിച്ചു. ഇതിനിടെ രോഗങ്ങളെ തുടർന്ന് അവശയായ ബീനയ്ക്ക് താര സംഘടനയായ അമ്മ, കുമ്പളങ്ങിയിൽ ഒരു വീട് നിർമിച്ചു നൽകിയിരുന്നു. പിന്നീട് വീടിരിക്കുന്ന ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഇവർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി. തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ ബീന, തേവരയിലുള്ള സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ ജീവകാരുണ്യ പ്രവർത്തകയും നടിയുമായ സീമ ജി. നായർ ഇടപെട്ട് ബീനയ്ക്ക് അഭയമൊരുക്കുകയാണുണ്ടായത്.
കുടുംബത്തിലുള്ളവർക്കായി ജീവിച്ച തനിക്ക് ഒന്നും സമ്പാദിക്കാനായില്ലെന്നും വരുമാനമില്ലാതായപ്പോൾ നോക്കാനാളില്ലാത്ത സ്ഥിതിയാണെന്നും ബീന പറഞ്ഞു. വെള്ളിയാഴ്ച പള്ളുരുത്തി പോലീസ് സ്റ്റേഷനിലെത്തി, വീടുമായി ബന്ധപ്പെട്ട് പരാതി എഴുതിക്കൊടുത്ത ശേഷമാണ് അവർ അഭയ കേന്ദ്രത്തിലേക്കു പോയത്. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുത്തതെന്നും ഇവർ പോലീസിനെ അറിയിച്ചു. അടൂർ മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ ആന്റണി, മഹാത്മാ ലീഗൽ അഡ്വൈസർ അഡ്വ. മുജീബ് റഹ്മാൻ, നടി സീമ ജി. നായർ എന്നിവർ കൊച്ചിയിലെത്തി ബീനയെ അടൂരിലേക്ക് കൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]