
കൊല്ലം: ‘ചൗദവീന്‍ കാ ചാന്ദ് ഹോ… യാ അഫ്താബ ഹോ…’ – 83-ാം വയസ്സിലും ഇടര്ച്ചയില്ലാതെയാണ് ജോസഫ് ഹെക്ടര്‍ പാടുന്നത്. മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ദിവസവും പലതവണ പാടുകയും പലവുരു കേള്‍ക്കുകയും ചെയ്യും. ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ മുക്കാല്‍ പങ്കും റഫിയുടെ ശബ്ദം കേട്ടിരിക്കുകയാണ് ഒരു കൊല്ലമായി ജോസഫിന്റെ രീതി. മൂന്നുവര്‍ഷം മുന്‍പ് പക്ഷാഘാതം തളര്‍ത്തിയ കാലുകള്‍ക്കും നിശ്ശബ്ദമാക്കിയ നാവിനും രണ്ടാം ജന്മം നല്‍കിയത്, ഈ പാട്ടുകളാണെന്ന് അദ്ദേഹം പറയുന്നു.
ശക്തികുളങ്ങര കളീലില്‍ തെക്കതില്‍ ജോസഫ് ഹെക്ടര്‍ കുട്ടിക്കാലത്തേ റഫി ആരാധകനായിരുന്നു. മൂന്നുവര്ഷംമുന്പ് പക്ഷാഘാതംവന്ന് കിടപ്പിലായി. സംസാരശേഷിയും നഷ്ടപ്പെട്ടു. കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയിലെ ചികിത്സയ്ക്കൊപ്പം മകന് ജോസ് ഹെക്ടര്‍ കിടക്കയ്ക്കരികില്‍ റഫിയുടെ പാട്ടുകേള്‍പ്പിച്ചു. ചലനമറ്റ് കിടക്കുമ്പോഴും പാട്ടിനൊപ്പം ചുണ്ടനക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു ജോസഫ്. മരുന്നിനൊപ്പം ‘ഗാന ചികിത്സ’യും തുടര്‍ന്നു.
അങ്ങനെയിരിക്കെ ഒരുദിവസം, മകന് ജോസിന്റെ കൂട്ടുകാരന് ആന്റോ കട്ടിലിനരികില്‍ വന്നിരുന്നുചോദിച്ചു – ‘പപ്പാ ഒരു പാട്ടുപാടാമോ?’, ചോദ്യം വെറുതെയായില്ല. കിടന്നുകൊണ്ടുതന്നെ ജോസഫ് രണ്ടുവരി പാടി – ‘ചൗദവീന്‍ കാ ചാന്ദ് ഹോ…’. പക്ഷാഘാതം വന്നതിനുശേഷം വ്യക്തതയോടെ ജോസഫ് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പാടുന്നത് പതിവാക്കി. ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാനും തുടര്‍ച്ചയായി നാലോ അഞ്ചോ പാട്ടുപാടാനും സാധിക്കുന്നുണ്ട്.
20 വര്‍ഷം കൊല്ലത്തെ ഒരു പ്രസില്‍ പ്യൂണായി ജോലിചെയ്തിരുന്ന ജോസഫ്, ചെറുപ്പത്തില്‍ ചുറ്റുവട്ടത്തെ അമ്പലങ്ങളിലും പള്ളികളിലും ഉത്സവത്തിനും പെരുന്നാളിനുമൊക്കെ റഫി ഗാനങ്ങള്‍ പാടാറുണ്ടായിരുന്നു. ‘കുട്ടിക്കാലത്ത് കല്യാണങ്ങള്‍ക്കും മറ്റും തെങ്ങില്‍ ബോക്സ് കെട്ടി, പാട്ടുവയ്ക്കുമായിരുന്നു. അതുകേട്ടു കേട്ടാണ് ഞാന്‍ റഫിയുടെ ആരാധകനായത്. ഇപ്പോള്‍ ഈ റേഡിയോയാണ് എന്റെ ജീവനും ജീവിതവും. പെന്‍ഡ്രൈവ് കുത്തിയും പാട്ടുകേള്‍ക്കാറുണ്ട്.’- ജോസഫ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]