
ദില്ലി: ചൈനീസ് കമ്പനികളോട് ഇന്ത്യൻ സർക്കാർ വിവേചനം കാണിക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ രണ്ട് ചൈനീസ് ജീവനക്കാർക്ക് ബീജിങ് കോൺസുലാർ സംരക്ഷണവും നിയമ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് കമ്പനികളോട് വിവേചനം കാണിക്കരുതെന്ന് ഇന്ത്യയോട് ശക്തമായി ആവശ്യടുകയാണെന്നും വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മാവേ നിങ് പറഞ്ഞു. ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ചൈനീസ് സർക്കാർ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 23 ന്, ഇടക്കാല സിഇഒ ഹോങ് സുക്വാൻ എന്ന ടെറി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഹരീന്ദർ ദാഹിയ, കൺസൾട്ടന്റ് ഹേമന്ത് മുഞ്ജാൽ എന്നിവരുൾപ്പെടെ മൂന്ന് വിവോ-ഇന്ത്യ എക്സിക്യൂട്ടീവുകളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. പ്രതികൾ ഇപ്പോഴും ഇഡി കസ്റ്റഡിയിലാണ്. ഈ കേസിൽ മൊബൈൽ കമ്പനിയായ ലാവ ഇന്റർനാഷണലിന്റെ എംഡി ഹരി ഓം റായ്, ചൈനീസ് പൗരനായ ഗ്വാങ്വെൻ എന്ന ആൻഡ്രൂ കുവാങ്, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് ഹാനികരവും കമ്പനിക്ക് അനർഹമായതുമായ നേട്ടങ്ങൾ ഉണ്ടാക്കാൻ വിവോ-ഇന്ത്യയെ സഹായിക്കുന്ന പ്രവൃത്തികൾ പ്രതികൾ ചെയ്തെന്ന് ഇഡി ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ വിവോ-ഇന്ത്യയിലും അതുമായി ബന്ധപ്പെട്ട വ്യക്തികളെയും റെയ്ഡ് നടത്തുകയും ചൈനീസ് പൗരന്മാരും ഇന്ത്യൻ കമ്പനികളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിനെ പിടികൂടിയതായും ഇഡി അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലെ നികുതി അടയ്ക്കാതിരിക്കാൻ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ നിയമവിരുദ്ധമായി കടത്തിയെന്നും ഇഡി ആരോപിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു ഇഡി നടപടി.
Last Updated Dec 25, 2023, 5:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]