
പാലക്കാട്: സർക്കാരിൽ നിന്നുള്ള സഹായം യഥാസമയം കിട്ടാതായതോടെ അട്ടപ്പാടിയിലെ 200 ലധികം അരിവാൾ രോഗികളുടെ ജീവിതം ദുരിതത്തിൽ. കഴിഞ്ഞ ദിവസം 17കാരി മരിച്ചതും അധികൃതരുടെ അനാസ്ഥ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പട്ടിക വർഗ വികസന വകുപ്പും ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് രോഗികളെ വലയ്ക്കുന്നത്.
ബുധനാഴ്ചയാണ് താഴെ അബ്ബന്നൂർ ഗോത്ര ഊരിലെ 17 കാരി സുജിത മരിച്ചത്. രോഗം മൂർച്ഛിച്ചതോടെ കടം വാങ്ങിയ പൈസ കൊണ്ട് ആംബുലൻസ് വിളിച്ചാണ് ബന്ധുക്കൾ സുജിതയെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെ സുജിത മരിച്ചു. ഒരു പിടി ഇല്ലായ്മകൾക്കും ദുരിതങ്ങൾക്കും ഇടയിലാണ് അട്ടപ്പാടി ഊരുകളിലെ 200 അരിവാൾ രോഗികളുടെ ജീവിതം.
ദിവസവും കഴിക്കേണ്ട ഗുളിക വിതരണം ചെയ്തിട്ട് രണ്ടാഴ്ച പിന്നിട്ടു. പ്രതിമാസ ക്ലിനിക്കും മൊബൈൽ മെഡിക്കൽ യൂണിറ്റ് വഴിയുള്ള മരുന്നും മുടങ്ങി. പോഷകാഹാര കിറ്റും ലഭിക്കുന്നില്ല. ഊരുകളിലെ സമൂഹ അടുക്കള അടച്ചു പൂട്ടിയതോടെ ഭക്ഷണവും കിട്ടാത്ത അവസ്ഥ. രോഗ നിർണയത്തിനായി ആരംഭിച്ച പദ്ധതിയും ഫണ്ടില്ലാതെ നിലച്ചിരിക്കുകയാണ്. ഉപകരണമുണ്ടെങ്കിലും പരിശോധന കിറ്റില്ലാത്തതിനാൽ ഇതും നോക്കുകുത്തി. രോഗ വ്യാപനം തടയാനുള്ള രക്തപരിശോധനയും കാര്യക്ഷമമല്ല. അതേസമയം സാമ്പത്തിക ഞെരുക്കത്തിനിടയിലും അരിവാൾ രോഗികൾക്ക് നൽകുന്ന ധനസഹായം നൽകിയിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
Last Updated Dec 23, 2023, 1:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]