
ജനിച്ച മണ്ണില്‍ നിന്നും അക്കരപ്പച്ച തേടി പോകുന്ന ഒരു പ്രവണത ഇന്ന് വര്‍ധിച്ച് വരികയാണ്. ഇന്ന് ഒരു വീട്ടില്‍ പോയി ചോദിച്ചാല്‍ വീട്ടിലെ ഒരാളെങ്കിലും വിദേശത്തുണ്ടാകും. ഈ ഒരു അവസ്ഥയെ നര്‍മ്മവും വികാരങ്ങളുമെല്ലാം ചാലിച്ചാണ് ഹിറ്റ് ചാര്‍ട്ടുകള്‍ സൃഷ്ടിച്ച രാജ് കുമാര്‍ ഹിരാനി ‘ഡങ്കി’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ അതിന്റെ ഗൗരവം ഒട്ടും ചോരാതെ കാണികളിലേക്ക് എത്തിക്കുന്ന ഹിരാനിയുടെ രീതി മുന്‍ സിനിമകളില്‍ നിന്ന് വ്യക്തമാണ്. അത്തരത്തില്‍ തന്നെയാണ് ഡങ്കിയും ഹിരാനി തീര്‍ത്തിരിക്കുന്നത്.
എങ്ങനെയെങ്കിലും ഇംഗ്ലണ്ടില്‍ പോയി സെറ്റിലാകാനായി ആഗ്രഹിക്കുന്ന മന്നു, ബഗ്ഗു, ബല്ലി എന്നിവരില്‍ നിന്നാണ് പഞ്ചാബിന്റെ മാനോഹാരിതയില്‍ കഥ ആരംഭിക്കുന്നത്. തപ്സി പന്നുവിന്റെ മന്നു എന്ന കഥാപാത്രം കടബാധ്യതയില്‍ പെട്ടുപോയ സ്വന്തം വീട് തിരിച്ചെടുക്കാനായുള്ള പോരാട്ടത്തിലാണ് ഇംഗ്ലണ്ടിലേക്ക് പോയി വരുമാനം നേടാന്‍ ആഗ്രഹിക്കുന്നത്. ഇവര്‍ മൂവരും ചേര്‍ന്ന് വിദേശത്തേക്ക് പോകാനുള്ള ഏജന്‍സിയാല്‍ കബളിപ്പിക്കപ്പെടുന്നത് കൂടാതെ ഇംഗ്ലീഷ് അറിയില്ലെന്നതിനാല്‍ എല്ലായിടത്തും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു.
ഈയൊരു അവസ്ഥ നിലനില്‍ക്കുന്ന സമയത്താണ് മറ്റൊരു പ്രദേശത്ത് നിന്നും എത്തിയ പട്ടാളക്കാരനായ ഹാര്‍ഡി ഇവർക്കിടയിലേക്കെത്തുന്നത്. ഇയാൾ ഈ പ്രശ്നങ്ങളില്‍ നിന്നും ഇവരെ എങ്ങനെ രക്ഷിക്കുന്നു, ഇംഗ്ലണ്ടിലേക്ക് ഇവര്‍ എങ്ങനെ എത്തിപ്പെടുന്നു എന്നീ കാര്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് വിക്കി കൗശല്‍ ചെയ്ത ‘സുഖി’ എന്ന കാഥാപാത്രത്തെയാണ്. കുടിയേറ്റം എത്രത്തോളം ഒരാളുടെ ജീവിതത്തെ മാറ്റി മറിക്കുമെന്നത് വൈകാരിക നിമിഷങ്ങളിലൂടെ സുഖി വരച്ചുകാട്ടുന്നുണ്ട്.
ജവാനിലും പഠാനിലും ആക്ഷന്‍ ഡ്രാമ ചെയ്തതില്‍ നിന്നു വ്യത്യസ്തമാണ് ഹാര്‍ഡി എന്ന ഷാരൂഖ് ഖാന് കഥാപാത്രം. സിനിമയില്‍ ലാഗില്ലാതെ ഓരോയിടത്തും ആക്ഷേപഹാസ്യമെന്ന ആശയം നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രത്തിലും ഷാരൂഖ് പട്ടാളക്കാരന് തന്നെയാണ്. എങ്കിലും മറ്റ് കഥാപാത്രങ്ങളിൽനിന്നും വ്യത്യസ്തത പുലർത്തുന്നു. മന്നു എന്ന കഥാപാത്രത്തെ തപ്സി മികച്ചതാക്കിയിട്ടുണ്ട്. സീനിയര്‍ താരമായ ബൊമന്‍ ഇഖാനി സ്ക്രീനില്‍ നിറഞ്ഞ് നിന്ന സമയമൊക്കെ കാണികളെ ചിരിപ്പിച്ചിച്ചു. മാത്രമല്ല സിനിമയിലുടനീളം കാണികള്‍ക്ക് മടുപ്പുളവാകാത്ത തരത്തില്‍ പഞ്ചാബ് ഭാഷ താരങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന വിധം പ്രശംസനീയമാണ്.
ചിത്രത്തില്‍ എടുത്ത പറയേണ്ട പ്രധാന കാര്യം പഞ്ചാബിന്റെ മനോഹാരിതയെ ഒട്ടും ചോര്‍ന്ന് പോകാതെ ഒപ്പിയെടുത്ത ഛായാഗ്രഹണമാണ്. സികെ മുരളീധരന്, മനുഷ് നന്ദന്, അമിത്ത് റോയി എന്നിവരാണ് ഈ നേട്ടത്തിന് പിന്നില്‍. ഓരോ ഫ്രെയിമുകളും ഓരോ കഥ വിളിച്ചോതുന്നു. കൂടാതെ സിനിമ കാണുന്നവരെ കൂടെ സഞ്ചരിപ്പിക്കുന്ന തരത്തിലുള്ള കഥാഗതി ഗംഭീരമാണ്. സംവിധായകനായ ഹിരാനി തന്നെ എഡിറ്റിങ്ങും
നിർവഹിച്ചിരിക്കുന്നത്. പ്രീതമിന്റെ മ്യൂസിക്കും അമന് പന്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും സംഗീതത്തിലൂടെ ഓരോ വികാരങ്ങളെയും അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചിട്ടുണ്ട്. ഷാരൂഖിന്റെ റെഡ്ചില്ലീസിന്റെ വിജയഗാഥയില്‍ മറ്റൊരു നാഴികക്കല്ല് തന്നെയാണ് ഡങ്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]