
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്ന് മുഹമ്മദ് റിയാസ് വിമർശിച്ചു. സതീശൻ പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വൽ മാത്രമാണ് സതീശനെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് റിയാസിൻ്റെ വിമർശനമുണ്ടായത്.
കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്ത് മന്ത്രിയെന്നായിരുന്നു സതീശന്റെ പരാമർശം. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്. മുഹമ്മദ് റിയാസ് മൂക്കാതെ പഴുത്തയാളാണ്. എന്റെ പാർട്ടിയിലെ സ്വാധീനമളക്കാൻ റിയാസ് വരേണ്ടെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. നവ കേരള സദസ്സിനോട് പ്രതിപക്ഷത്തിനല്ല, കേരളത്തിലെ ജനങ്ങൾക്കാണ് അലർജിയെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി വിഡി സതീശൻ പറഞ്ഞു.
മാസപ്പടി വിവാദം വന്നപ്പോൾ നാവ് ഉപ്പിലിട്ട് വച്ചിരുന്ന ആളാണ് പൊതുപരാമത്ത് മന്ത്രി. ഇപ്പോൾ തനിക്കെതിരെ പറയാനായി ഇറങ്ങിയിരിക്കുന്നുവെന്നും വിഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി കൂട്ടിലിട്ട തത്തയെ പോലെയായിരുന്നു. ചട്ടമ്പികൾക്ക് കള്ള് വാങ്ങിച്ചു കൊടുത്തു ചീത്തവിളിപ്പിക്കുന്ന പ്രമാണിമാരുടെ സ്ഥിതിയിലാണ് മുഖ്യമന്ത്രി. 17 സദസ്സുകളിൽ പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടാണ് ഞാൻ മാന്യമായി സംസാരിക്കണം എന്ന് പറയുന്നത്. നാളെ മന്ത്രിമാരിൽ പലരും കരുതൽ തടങ്കലിൽ നിന്ന് മോചിതരാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Last Updated Dec 23, 2023, 11:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]