
വ്യത്യസ്ത പ്രമേയങ്ങളിലുള്ള ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ സംവിധായകനാണ് പാ രഞ്ജിത്ത്. നിലവിൽ വിക്രം നായകനാവുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. തങ്കലാന്റെ തിരക്കുകൾക്കിടെ സംഗീത സംവിധായകൻ ഇളയരാജയെ പാ രഞ്ജിത്ത് സന്ദർശിച്ചു.
ഇസൈജ്ഞാനിയെ സന്ദർശിച്ച വിവരം പാ രഞ്ജിത്ത് തന്നെയാണ് എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ‘എണ്ണമെല്ലാം വണ്ണം’ (ചിന്തകളെല്ലാം മനോഹരം) എന്നാണ് സന്ദർശനത്തേക്കുറിച്ച് പാ രഞ്ജിത്ത് കുറിച്ചത്. ഇരുവരും ഉടൻ ഒരു ചിത്രത്തിനായി ഒന്നിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
എന്നാൽ ഇരുവരുടേയും സന്ദർശനത്തിന് മറ്റൊരു കൗതുകംകൂടി ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. അതിന് കാരണമാകട്ടെ മനോഹരമായ തലവാചകത്തിനൊപ്പം രഞ്ജിത്ത് പോസ്റ്റ് ചെയ്ത ഫോട്ടോയും. ഒരു പുസ്തകം ഇളയരാജയ്ക്ക് പാ രഞ്ജിത്ത് സമ്മാനിക്കുന്നതായാണ് ചിത്രം. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ഡോ. ബി.ആർ. അംബേദ്കർ തന്റെ ഭാര്യക്കെഴുതിയ പ്രണയലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
അതേസമയം വൈകാതെ തന്നെ തങ്കലാൻ തിയേറ്ററുകളിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പാ രഞ്ജിത്തും സംഘവും. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് ചിത്രത്തിലെ നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഇന്നുവരെ കാണാത്ത ലുക്കിലാണ് വിക്രം എത്തുന്നത് എന്നതാണ് തങ്കലാനിന്മേലുള്ള പ്രതീക്ഷകൾ വർധിപ്പിച്ചത്. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷൻ ചിത്രമായാണ് തങ്കലാൻ എത്തുന്നത്. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]