

First Published Dec 22, 2023, 7:15 PM IST
ചില സിനിമകൾ തിയറ്ററിൽ നിന്നും കണ്ടിറങ്ങിയാലും അവയിലെ കഥാപാത്രങ്ങളും ചുറ്റുപാടും പ്രേക്ഷകർക്ക് ഒപ്പം കൂടെ പോരും. അതിലെ നായികനായകന്മാർ ആയാലും വില്ലനായാലും അങ്ങനെ തന്നെ. അത്രത്തോളം കഥാപാത്രത്തെ ഉൾക്കൊണ്ടാണ് അവർ അഭിനയിച്ചിരിക്കുന്നത് എന്നതാണ് അതിനു കാരണം. അത്തരത്തിൽ ഒരു കഥാപാത്രമാണ് നേര് എന്ന മോഹൻലാൽ ചിത്രത്തിലെ മൈക്കിൾ. ആദ്യനോട്ടത്തിൽ പുതിയ അഭിനേതാവാണോ എന്ന് തോന്നിപ്പിക്കുമെങ്കിലും ഇദ്ദേഹത്തിന്റെ അഞ്ചാമത്തെ സിനിമയാണ് നേര്.
നേരിലെ വില്ലൻ ആണ് മൈക്കിൾ. ശങ്കർ ഇന്ദുചൂടൻ എന്നാണ് നടന്റെ പേര്. ഈ അവസരത്തിൽ സിനിമയെയും തന്റെ കഥാപാത്രത്തെയും ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ശങ്കർ. സിനിഫൈൽ എന്ന സിനിമാ ഗ്രൂപ്പിലൂടെ ആയിരുന്നു നടന്റെ നന്ദി പറച്ചിൽ.
“പ്രിയപെട്ടവരെ, ഞാൻ ശങ്കർ ഇന്ദുചൂടൻ. നേര് എന്ന സിനിമയിലെ മൈക്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനാണ്. ഇത്രയും നല്ലൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്പിച്ച ജീത്തു സാറിന് എന്റെ പ്രത്യേക നന്ദി.
ലാലേട്ടനോടും, ആശിർവാദ് സിനിമാസിനോടും നേര് ടീമിനോടും നന്ദി നേരിനെ സ്വീകരിച്ച പ്രേക്ഷകരോട് സ്നേഹം”, എന്നാണ് ശങ്കർ ഇന്ദുചൂടൻ കുറിച്ചത്. പിന്നാലെ കമന്റുകളുമായി പ്രേക്ഷകരും രംഗത്ത് എത്തി.
“നിന്നെ ഒണക്ക മടലിനു അടിക്കാൻ തോന്നി, എന്തൊരു ദുഷ്ടൻ ആണ് മൈക്കിൾ. നല്ല ഇടി ഇടിക്കാൻ തോന്നി. ഇനിയും നല്ല സിനിമകൾ സംഭവിക്കട്ടെ, മൈക്കിൾ സൂപ്പർ, സൗണ്ട് സ്വന്തം ആണോ അതോ ഡബ്ബിങ് ആയിരുന്നോ? അത് പറയാൻ കാരണം അഭിനയം മാത്രമല്ല സൗണ്ടും കിടു ആയിരുന്നു, അമ്പട വില്ലാ.., സാധാരണ ജിത്തു ജോസഫ് സാറും ലാലേട്ടനും, ഇമ്മാതിരി റേപ്പ് നടത്തുന്നവരെ കൊന്ന് കുഴിച്ചിടാറാ പതിവ്. താങ്കൾക്ക് ഭാഗ്യം ഉണ്ട്, കണ്ടിരിക്കുന്നവർക്ക് ഒന്ന് പൊട്ടിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം, എടാ മോനെ ചോക്കളേറ്റ് ലൂക്കും വെച്ച് നീ കാട്ടിക്കൂട്ടിയത് കണ്ടാ പൊറോട്ട അടിക്കുന്നപോലെ എടുത്തിട്ടടിക്കാൻ തോന്നും, വരുണിൻ്റെ അവസ്ഥ വന്നില്ലല്ലോ..സന്തോഷം”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇവയ്ക്ക് മിക്കതിനും ശങ്കർ മറുപടി നൽകുന്നുമുണ്ട്.
തന്റെ സ്വന്തം ശബ്ദം തന്നെയാണ് സിനിമയിലേതെന്നും ശങ്കർ പറയുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ ഹൃദയത്തിൽ ക്രിസ്റ്റ്യൻ വെഡ്ഡിംഗ് ഗ്രൂം ആയി ശങ്കർ എത്തിയിരുന്നു. കോഴിപ്പോര്, എടക്കാട് ബറ്റാലിയന് 06, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Last Updated Dec 22, 2023, 7:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]