
തിരുവനന്തപുരം
കെഎസ്ഇബി മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങൾക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങൾക്കും എതിരെ ഉജ്വല പ്രതിഷേധവുമായി കെഎസ്ഇബി ഓഫീസർമാർ. പ്രതിഷേധം പൊളിക്കാൻ ലക്ഷ്യമിട്ടുള്ള ഡയസ്നോൺ പ്രഖ്യാപനത്തെയും അച്ചടക്ക നടപടി ഭീഷണിയെയും തള്ളി സത്യഗ്രഹ സമരത്തിൽ അഞ്ഞൂറോളം ഓഫീസർമാർ പങ്കെടുത്തത് മാനേജ്മെന്റിനുള്ള ശക്തമായ താക്കീതായി. ഇരുനൂറോളം വനിതകളും പങ്കാളികളായി.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വൈദ്യുതി ഭവനു മുന്നിൽ നടത്തിയ സത്യഗ്രഹം മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി ഹരികുമാർ, ട്രഷറർ എച്ച് മധു, അംബിക, ഷാജികുമാർ, ജോയ് എ ജോൺസ്, ജാസ്മിൻ ബാനു, രഞ്ന വേദി, ബിന്ദു ലക്ഷ്മി എന്നിവർ സംസാരിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ, അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് എന്നീ സംഘടനകൾ സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിച്ചു.
വനിതകളുടെ സത്യഗ്രഹം നടത്താനായിരുന്നു ആദ്യ തീരുമാനം. ഇത് പൊളിക്കാൻ ചെയർമാൻ കഴിഞ്ഞ ദിവസം ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതോടെ എല്ലാ ജില്ലയിൽനിന്നും പ്രധാന പ്രവർത്തകരെ എത്തിച്ച് സമരം കടുപ്പിച്ചു. ചെയർമാന്റെ ഏകാധിപത്യ ശൈലിയാണ് കെഎസ്ഇബിയിൽ വീണ്ടും പ്രക്ഷോഭത്തിന് കളമൊരുക്കിയത്. ഏറ്റവും ഒടുവിൽ അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ പരാതിപ്പെടാനെത്തിയ വനിതാ ഉദ്യോഗസ്ഥയെ ചെയർമാൻ അവഹേളിച്ചതോടെയാണ് ഓഫീസർമാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]