
കണ്ണൂർ
മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആദിവാസികൾക്ക് നഷ്ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്ന് സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ഉദയ് നർക്കാർ. ‘‘ജനങ്ങളെ വാസസ്ഥലങ്ങളിൽനിന്ന് അടിച്ചോടിക്കുകയാണ്. അതിനെതിരെയാണ് അവിടെ സമരം. എന്നാൽ, കേരളത്തിൽ ജനങ്ങളെ ചേർത്തുപിടിച്ചാണ് വികസനം. ഭൂമി ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്നു’’–- പാർടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള മറ്റു പല സംസ്ഥാനങ്ങളിലും പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുമ്പോൾ ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം കിട്ടുന്നില്ല. സാമൂഹിക–- സാമ്പത്തിക– പാരിസ്ഥിതിക–– സാംസ്കാരിക വശങ്ങൾ വിശകലനം ചെയ്തുവേണം പദ്ധതികൾ നടപ്പാക്കാൻ. കേരളത്തിൽ സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത് അങ്ങനെയാണ്. മികച്ച നഷ്ടപരിഹാരം സർക്കാർ ഉറപ്പുനൽകുന്നു. സാമൂഹ്യാഘാതപഠനംപോലും ഇല്ലാതെയാണ് നിർദിഷ്ട മുംബൈ–-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. മഹാരാഷ്ട്രയ്ക്കായല്ല, ഗുജറാത്തിനുവേണ്ടിയാണ് ഇത്. മഹാരാഷ്ട്രയിൽ കർഷകസമരം വലിയ സ്വാധീനം ചെലുത്തി. കാർഷികനിയമങ്ങൾ പിൻവലിക്കാനായതിനൊപ്പം പാർടിക്കും കിസാൻസഭയ്ക്കും വലിയ പിന്തുണ കിട്ടി. ജനകീയ–-കാർഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുന്നു. ഒരു താലൂക്കിൽമാത്രം 54,000 പേർ കിസാൻസഭയുടെ അംഗങ്ങളായി വരുന്നതും കർഷകസമരത്തിന്റെ ഫലമായാണ്.
ആശയപരമായും രാഷ്ട്രീയപരമായും ‘ഞങ്ങളുടെ സർക്കാർ’ എന്ന് വിളിക്കാൻ തോന്നുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയാണ്. വലിയ വരുമാനമുണ്ടായിട്ടും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ സൂചകങ്ങളിലും കേരളത്തെക്കാൾ ഏറെ പിന്നിലാണ് മഹാരാഷ്ട്ര– ഉദയ് നർക്കാർ പറഞ്ഞു .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]