
കൊച്ചി
മണ്ണെണ്ണവില കുതിച്ചുയർന്നതോടെ ജീവിതം എങ്ങനെ മുന്നോട്ടുനീങ്ങും എന്നറിയില്ലെന്ന് വള്ളം ഉടമയായ വൈപ്പിൻകരക്കാരൻ പി വി ജയൻ. ഇത് ഒരു ജയന്റെമാത്രം പ്രതിസന്ധിയല്ല. മത്സ്യത്തൊഴിലാളികൾ കൊടും ദുരിതത്തിലാണ്. മീൻലഭ്യത കുറഞ്ഞ് പ്രതിസന്ധി നേരിടുന്നതിനിടെയാണ് മണ്ണെണ്ണ വില കുത്തനെ വർധിപ്പിച്ചത്. പെർമിറ്റിനുള്ള മണ്ണെണ്ണയ്ക്ക് ലിറ്ററിന് 70 രൂപവരെയാണ് ഉയർന്നത്. അത് ലഭിക്കാത്ത സാഹചര്യവുമുണ്ട്. 65–-70 ലിറ്ററാണ് പെർമിറ്റിന് ലഭിക്കുന്നത്. ഇത് ഒരുദിവസത്തേക്ക് തികയാറില്ല. 10 വർഷംമുമ്പ് 600 ലിറ്റർവരെ ലഭിച്ചിരുന്നത് കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയാണ് പരമാവധി 70 ആക്കിയത്.
കരിഞ്ചന്തയിൽ 120 മുതൽ 140 വരെ വില. ‘‘വൈപ്പിൻകരയുടെ സമീപ പ്രദേശങ്ങളിൽ മീൻ തീരെയില്ലാതായിട്ട് വർഷങ്ങളായി. കൂടുതൽ ദൂരെ പോയാണ് മീൻ പിടിക്കുന്നത്. ഇത് മുതലാകുന്നതേയില്ല. സമസ്ത മേഖലകളേയും ബാധിച്ച ഇന്ധന വിലക്കയറ്റം മത്സ്യമേഖലയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതമാണ് ഉണ്ടാക്കുന്നതെന്നും മത്സ്യത്തൊഴിലാളികൂടിയായ ജയൻ പറഞ്ഞു.
ഒമ്പത് എച്ച്പി എൻജിന് 129ഉം 15 എച്ച്പിക്ക് 136 ലിറ്ററും 25 എച്ച്പിക്ക് 180 ലിറ്റർ വീതവും മണ്ണെണ്ണ ഒരുദിവസം വേണം.
മൂന്നുമാസമായി കേന്ദ്രസർക്കാർ സംസ്ഥാനത്തിന് മണ്ണെണ്ണവിഹിതം നൽകുന്നില്ലെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. 5000 മുതൽ 6000 കിലോലിറ്റർ മണ്ണെണ്ണയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ഒരു ലിറ്ററിന് 20 രൂപവരെ വിലവർധനയും വരുത്തി.
മത്സ്യഫെഡുവഴി നൽകുന്ന മണ്ണെണ്ണയ്ക്ക് 19 രൂപയാണ് കഴിഞ്ഞമാസം കൂട്ടിയത്. ഒരു വള്ളം പണിക്ക് പോകണമെങ്കിൽ ഏറ്റവും കുറഞ്ഞത് 100 ലിറ്റർ മണ്ണെണ്ണ വേണം. ഏതാണ്ട് 14,000 രൂപ ഇന്ധന ഇനത്തിൽമാത്രം ചെലവഴിച്ച് മീൻ പിടിക്കുന്നത് അപ്രായോഗികമാകുന്ന സ്ഥിതിയാണെന്നും ചിത്തരഞ്ജൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]