
ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് സ്വീകരിച്ചു. സോണിയ ഗാന്ധി നേരിട്ടോ കോണ്‍ഗ്രസ് പ്രതിനിധി സംഘമോ ചടങ്ങിനെത്തും. കോണ്‍ഗ്രസ് വിട്ട് നില്ക്കുകയാണെങ്കില് ബിജെപി ആയുധമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
2024 ജനുവരി 22ന് ആണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നതിൽ പാർട്ടികകത്ത് രണ്ട് നിലപാടുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിന് എന്താണ് തടസ്സമെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് ചോദിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണത്തോട് സോണിയ ഗാന്ധി അനുകൂലമായാണ് പ്രതികരിച്ചതെന്നും സോണിയ ഗാന്ധിയോ കോണ്‍ഗ്രസ് പ്രതിനിധി സംഘമോ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിങ് വെളിപ്പെടുത്തി. രാമക്ഷേത്ര നിര്‍മാണം നേട്ടമായി ഉയർത്തി ബിജെപി ലോക്സഭ തെരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിന് ശ്രമിക്കുമെന്നതാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ചടങ്ങില്‍ നിന്ന് പാര്‍ട്ടി വിട്ടുനിന്നാല്‍ ഉത്തരേന്ത്യയില്‍ ബിജെപി അത് ആയുധമാക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
എന്നാല്‍, മൃദു ഹിന്ദുത്വമെന്ന വിമർശനത്തിന് നടപടി ആക്കം കൂട്ടുമോയെന്ന ആശങ്കയും പാര്‍ട്ടിയിലുണ്ട്. സുപ്രീംകോടതിയുടെ അയോധ്യ വിധിയെ സ്വാഗതം ചെയ്ത് മതേതര മൂല്യങ്ങളും സാഹോദര്യവും നിലനിര്‍ത്താൻ എല്ലാവരും സഹകരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. അയോധ്യയിലെ ക്ഷേത്രത്തിന്റെ പൂട്ട് തുറന്നത് രാജീവ് ഗാന്ധിയാണെന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിനിടെ കമല്‍നാഥ് പറഞ്ഞതും കേരളത്തിലടക്കം വിമർശനത്തിന് വഴിവെച്ചിരുന്നു. അതേസമയം, ഹിന്ദു വിരുദ്ധരാണ് കോണ്‍ഗ്രസെന്ന ബിജെപി പ്രചാരണത്തെ മറികടക്കാനും മോദിയുടെ ഷോ മാത്രമായി ചടങ്ങ് മാറാതിരിക്കാനും പങ്കെടുക്കുകയാണ് ഉചിതമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തലെന്നാണ് സൂചന.
Last Updated Dec 21, 2023, 5:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]