
ശ്രീലങ്കൻ തലസ്ഥാനത്ത് പകൽ യാത്രചെയ്യുമ്പോൾ ചില ജങ്ഷനുകളിൽ കറുത്ത കുപ്പായമിട്ട ചെറുപ്പക്കാർ പ്ലക്കാഡുകളുമായി നിൽക്കുന്നത് കാണാം. ചിലർ ആവേശപൂർവം മുദ്രാവാക്യം വിളിക്കും. ചില ചാനൽ ലേഖകർ അവരുടെ പ്രതികരണങ്ങൾ എടുക്കും. എന്നാൽ, വൈകിട്ടാകുമ്പോഴേക്കും സൗമ്യമായ ഈ പ്രതിഷേധങ്ങൾക്ക് രൂപാന്തരം സംഭവിക്കും. നഗര ചത്വരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം വൻ രാത്രിസമരങ്ങൾ ശ്രീലങ്കയിൽ പുതുചരിത്രം സൃഷ്ടിക്കുകയാണ്.
‘ഗോട്ട ഗോ ഹോം’ എന്നാർത്തു വിളിക്കുന്ന യുവാക്കളും വിദ്യാർഥികളും സ്ത്രീകളും തെരുവുകൾ കൈയടക്കിക്കഴിഞ്ഞു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വീടുകളിൽപ്പോലും ഏതുസമയത്തും പ്രതിഷേധം സംഘടിപ്പിക്കാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു. കൊളംബോയിലെ ഇൻഡിപെൻഡന്റ് സ്ക്വയർ അറബ് വസന്തത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തെ ഓർമിപ്പിക്കുംവിധം രാത്രികളിൽ ജനനിബിഡമായിക്കഴിഞ്ഞു. കൊളംബോ കഴിഞ്ഞാൽ പിന്നെ ഏറ്റവും രൂക്ഷമായ പ്രക്ഷോഭം നടക്കുന്ന നഗരം കാൻഡി ആണ്.
അറബ് വസന്തംപോലെയാണ് ഈ പ്രക്ഷോഭമെന്ന് മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയാണ് ആദ്യം വിശേഷിപ്പിച്ചത്. ‘ഞങ്ങളുടെ ഭാവിക്കുവേണ്ടി പൊരുതുന്ന നിങ്ങൾക്ക് നന്ദി’ എന്നെഴുതിയ പ്ലക്കാർഡുകളുമായി കൊളംബോ നഗരത്തിൽ അണിനിരന്ന കുട്ടികൾ ആകർഷകമായ കാഴ്ചയായിരുന്നു.
പ്രക്ഷോഭത്തെ വംശീയമായും വർഗീയമായും ഭിന്നിപ്പിക്കാനുള്ള രജപക്സെമാരുടെ ശ്രമങ്ങൾക്ക് ജനകീയ ഐക്യംകൊണ്ടാണ് പ്രക്ഷോഭകർ തിരിച്ചടി നൽകിയത്. പ്രക്ഷോഭകർ തീവ്രവാദികളാണെന്ന് ഗോതബായ പറഞ്ഞെങ്കിലും ബുദ്ധ, ഇസ്ലാം, ഹിന്ദു മതവിശ്വാസികൾ ഒരുമിച്ച് അണിനിരന്നതോടെ ആ വാദം പൊളിഞ്ഞു.
ഇപ്പോൾ ഒരു രാഷ്ട്രീയ പാർടിയുടെയും പിന്തുണയോടെയല്ലാതെ നടക്കുന്ന സമരങ്ങൾക്ക് വരും ദിവസങ്ങളിൽ രൂപമാറ്റം സംഭവിക്കുമെന്ന് ജനത വിമുക്തി പെരമുന പൊളിറ്റ്ബ്യൂറോ അംഗം ബിമൽ രത്നായകെ പറഞ്ഞു. തൊഴിലാളികളും കർഷകരും വിദ്യാർഥി യുവജന സംഘടനകളും സംഘടിതമായി പ്രക്ഷോഭത്തിൽ അണിനിരക്കും.
ഇപ്പോൾ നടക്കുന്ന സമരം ഏതു നിമിഷവും അരാജകവാദത്തിലേക്ക് വഴിമാറാനിടയുണ്ട്. അതിനായി സർക്കാർ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സമരത്തിനു കൃത്യമായ രാഷ്ട്രീയ ഉള്ളടക്കം കൊണ്ടുവരാനാണ് ജെവിപി ശ്രമിക്കുന്നത്. പാർടിയുടെ സംഘടനാശേഷി കെട്ടഴിച്ചു വിടുന്നതോടെ സമരത്തിന് രാഷ്ട്രീയ ദിശ കൈവരും–– അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]