
ന്യൂഡൽഹി
കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മുന്നോട്ടുള്ള യാത്ര കൂടുതൽ ദുർഘടമായിരിക്കും. പാർടി പ്രവർത്തകർക്കിടയിൽ എല്ലാ തലത്തിലും ഐക്യം സുപ്രധാനമായ ഘട്ടമാണിത്. അതുറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും സോണിയ പറഞ്ഞു. പാർലമെന്റ് സെൻട്രൽ ഹാളിൽ കോൺഗ്രസ് പാർലമെന്ററി പാർടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കുപിന്നാലെ പരിഷ്കരണത്തിനായി വാദിക്കുന്ന ജി–-23 നേതാക്കൾ നേതൃമാറ്റം അടക്കമുള്ള ആവശ്യം ശക്തമാക്കിയിരുന്നു. ഇവർക്കുള്ള പരോക്ഷമായ മറുപടികൂടിയാണ് ഐക്യം ഊട്ടിയുറപ്പിക്കണമെന്ന ആഹ്വാനത്തിലൂടെ സോണിയ നൽകിയത്.
പഞ്ചാബിലെ
കോൺഗ്രസ് എംപി
ബിജെപിയിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നാലെ പഞ്ചാബ് കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് കലശലായി. ലുധിയാന എംപി രൺവീർ സിങ് ഭിട്ടു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറാൻ ഒരുങ്ങുന്നു. തിങ്കളാഴ്ച ഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിട്ടു സന്ദർശിച്ചു.
രാഹുൽ ഗാന്ധിയുമായി അടുത്തബന്ധമുള്ള ഭിട്ടു സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്. പിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ലെന്ന പരാതിയുണ്ട്. നേരത്തെ അമൃത്സർ മേയറടക്കം 16 കോർപറേഷൻ കൗൺസിൽ അംഗങ്ങൾ ആംആദ്മി പാർടിയിൽ ചേർന്നിരുന്നു.
കോൺഗ്രസ് വിടാന് അഹമ്മദ് പട്ടേലിന്റെ മകൻ
മുതിർന്ന നേതാവും സോണിയ ഗന്ധിയുടെ വിശ്വസ്തനുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ കോൺഗ്രസിൽനിന്ന് പുറത്തേക്കെന്ന് സൂചന. കാത്തിരുന്ന് മടുത്തതായും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രോത്സാഹനവും ലഭിച്ചില്ലെന്നും മുന്നിൽ മറ്റു വാതിലുകൾ തുറന്നുകിടക്കുകയാണെന്നും ഫൈസൽ ട്വീറ്റ് ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്കില്ല എന്നായിരുന്നു ഫൈസലിന്റെ ആദ്യ നിലപാട്. ആം ആദ്മി പാർടി നേതാവ് അരവിന്ദ് കെജ്രിവാളുമായി ഫൈസൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച ഊഹാപോഹങ്ങൾ ശക്തമാക്കി.
ബറൂച്ച്, നർമദ ജില്ലകളിലെ ഏഴ് നിയമസഭാ സീറ്റിൽ പര്യടനം നടത്തുമെന്നും ഫൈസൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]