
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ വനിതാ പ്രവർത്തകരുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വനിതാ പ്രവർത്തകർക്കെതിരെ അതിക്രമം അഴിച്ചുവിട്ട ഈ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. സമരത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിച്ചു നിന്ന് സമരം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലുള്ള സംഘർഷം ഡിസിസി മുന്നിലേക്കും വ്യാപിച്ചിരുന്നു. നിലവിൽ ഡിസിസി ഓഫീസിന് മുന്നിൽ നിന്ന് പ്രവർത്തകർ പിരിഞ്ഞുപോയിത്തുടങ്ങിയിരിക്കുകയാണ്.
അതിനിടെ, യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രിമാർ രംഗത്തെത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടപ്പോൾ, കേരളത്തിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നുമാണ് മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണിണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്കെതിരെ എതിരഭിപ്രായം ഉണ്ടായിട്ടും എൽ ഡി എഫ് പരസ്യ പ്രതിഷേധത്തിലേക്ക് പോയില്ലല്ലോ എന്ന് ചൂണ്ടികാട്ടിയ ബാലഗോപാൽ, മന്ത്രിമാരും മുഖ്യമന്ത്രിയും ജനങ്ങൾക്ക് അടുത്തേക്ക് പോകേണ്ടെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ചോദിച്ചു.
കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിൻ്റെ ആസൂത്രിത നീക്കമുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യ സൂത്രധാരൻ. യൂത്ത് കോൺഗ്രസ് സമരത്തിന്റെ മറവിൽ ക്രിമിനലുകളെ തെരുവുകളിൽ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് കോൺഗ്രസ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചതിലൂടെ പൊതുഖജനാവിന് ഉണ്ടായിരിക്കുന്നത്. നവകേരള സദസ്സിന്റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. അതാണ് നവകേരള സദസ്സിന്റെ സമാപന ദിവസത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് അക്രമം അഴിച്ചു വിടാൻ കാരണം. അക്രമ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണ്. പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണ്. തിരുവനന്തപുരം നഗരത്തിലെ നവകേരള സദസ്സിന്റെ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഇതിലൂടെയും വ്യാപക നഷ്ടം ഉണ്ടായിട്ടുണ്ട്. അക്രമ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ തിരിച്ചടിയുടെ ഭവിഷ്യത്തുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തയ്യാറാവേണ്ടി വരുമെന്നും മന്ത്രിമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]