
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ് – കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് പദ്ധതിയിൽ പ്രധാന ശൃംഖല പൂർത്തിയായതായി റിയാദ് റോയൽ കമ്മീഷൻ അറിയിച്ചു. ഇതോടെ റിയാദ് ബസ് പദ്ധതിയിൽ ബസ് സർവീസ് റൂട്ടുകളുടെ എണ്ണം 54 ആയി. പദ്ധതിയിൽ 2,145 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളും വഴി 679 ബസുകൾ സർവീസ് നടത്തുന്നു. യാത്ര ആസൂത്രണം ചെയ്യാനും റൂട്ടുകൾ അറിയാനും സർവീസ് സമയങ്ങൾ അറിയാനും ഇന്ററാക്ടീവ് മാപ്പ് വഴി യാത്ര ട്രാക്ക് ചെയ്യാനും എളുപ്പത്തിൽ ടിക്കറ്റ് വാങ്ങാനും റിയാദ് ബസ് ആപ്പ് യാത്രക്കാർക്ക് അവസരമൊരുക്കുന്നു. ബസുകളിലെ ഡിജിറ്റൽ പെയ്മെന്റ് ഉപകരണങ്ങൾ വഴിയും ടിക്കറ്റ് നിരക്ക് അടക്കാൻ സാധിക്കും. റിയാദ് ബസ് വെബ്സൈറ്റും യാത്രക്കാർക്ക് വൈവിധ്യമാർന്ന ഓപ്ഷനുകൾ നൽകുന്നു. ബസ് സ്റ്റേഷനുകളിലെ വെൻഡിംഗ് മെഷീനുകളും ടിക്കറ്റ് സെയിൽസ് ഓഫീസുകളും വഴി വാങ്ങാൻ ലഭിക്കുന്ന ദർബ് കാർഡ് വഴിയും ടിക്കറ്റ് നിരക്ക് എളുപ്പത്തിൽ അടക്കാൻ കഴിയും.
തലസ്ഥാന നഗരിയിൽ നിലവിലെയും ഭാവിയിലെയും ഗതാഗത ആവശ്യം നിറവേറ്റുകയും സാമ്പത്തിക വളർച്ചക്ക് സഹായിക്കുകയും റിയാദ് നഗരത്തിന്റെ മത്സരക്ഷമത വർധിപ്പിക്കുകയും സാമ്പത്തിക, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ റിയാദിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിലക്ക് ബസ്, ട്രെയിൻ ശൃംഖല അടങ്ങിയതാണ് റിയാദ് കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. റിയാദ് ബസ് പദ്ധതിയിൽ ആകെ 87 റൂട്ടുകളാണുള്ളത്. ഇതിൽ 54 എണ്ണം പ്രധാന റൂട്ടുകളാണ്. 33 എണ്ണം റിയാദ് മെട്രോ സർവീസിന് പിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ള ബസ് റൂട്ടുകളാണ്. ആകെ 1,900 കിലോമീറ്റർ നീളത്തിലാണ് റിയാദ് ബസ് പദ്ധതിയിൽ സർവീസുണ്ടാവുക. ഇതിന് 800 ബസുകൾ ഉപയോഗിക്കും. ആകെ 2,900 ലേറെ ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമാണ് പദ്ധതിയിലുള്ളത്. ആറു റൂട്ടുകളിലാണ് റിയാദ് മെട്രോ സർവീസുണ്ടാവുക. തലസ്ഥാന നഗരയിലെ വിവിധ ഡിസ്ട്രിക്ടുകളിലായി ആകെ 84 മെട്രോ സ്റ്റേഷനുകളുമുണ്ടാകും.