
നെടുമ്പാശ്ശേരി: ‘നിങ്ങളില്ലാതെ എനിക്കെന്ത് ആഘേഷം’ എന്ന ഡയലോഗ് അന്വർഥമാക്കി ഒരുദിവസം മുഴുവൻ ആരാധകരോടൊപ്പം ഫോട്ടോയെടുത്ത് നടൻ മോഹൻലാൽ. ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ 25-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മോഹൻലാൽ ആരാധകർക്കൊപ്പം ചിത്രമെടുക്കാൻ ഒരുദിവസം മാറ്റിവെച്ചത്. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിലായിരുന്നു ആഘോഷം.
14 ജില്ലകളിൽനിന്നുള്ള ആരാധകർ ആഘോഷത്തിൽ പങ്കെടുക്കാനെത്തി. 5500 പേർ പങ്കെടുത്തെന്നാണ് സംഘാടകരുടെ ഏകദേശ കണക്ക്. പങ്കെടുത്ത ഓരോരുത്തരോടുമൊപ്പം മോഹൻലാൽ ഫോട്ടോയെടുത്തു.
ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവരെയും അണിനിരത്തി മോഹൻലാൽ കൂട്ടസെൽഫി എടുത്തപ്പോൾ ആരാധകർ ആവേശക്കടലായി മാറി. ‘ചങ്കിനകത്ത് ലാലേട്ടൻ… നെഞ്ചുവിരിച്ച് ലാലേട്ടൻ’ എന്നിങ്ങനെ ആരാധകർ മുദ്രാവാക്യംമുഴക്കി.
പാലക്കാട് ആലത്തൂരിൽ നിന്നെത്തിയ നാലു വയസ്സുകാരൻ ഈശ്വർകൃഷ്ണ ചങ്കിനകത്ത് ലാലേട്ടൻ… എന്ന മുദ്രാവാക്യംവിളിച്ചപ്പോൾ ആരാധകർ കരഘോഷം മുഴക്കി ഏറ്റുവിളിച്ചു. ആരാധകരിൽ ചിലർ അവർ വരച്ച മോഹൻലാൽ ചിത്രങ്ങളുമായാണ് എത്തിയത്.
ഒരുമണിക്കൂറോളം വൈകിയതിന് ക്ഷമാപണം നടത്തിയാണ് മോഹൻലാൽ പ്രസംഗംതുടങ്ങിയത്. നിങ്ങളാണ് എന്റെ ഊർജവും ശക്തിയുമെന്ന മോഹൻലാലിന്റെ വാക്കുകൾ ആരാധകരെ ആവേശഭരിതരാക്കി.
മോഹൻലാലിനോടൊപ്പമുള്ള ഫോട്ടോയെടുക്കൽ രാത്രിവരെ നീണ്ടു.
അസോസിയേഷൻ ഭാരവാഹികളായ ജിതിൻ കൊല്ലം, ഷിബിൻ തൃശ്ശൂർ, ബിജു തൃശ്ശൂർ, വെശാഖ് എറണാകുളം, ടിന്റു കോഴിക്കോട് തുടങ്ങിയവർ നേതൃത്വംനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]