
പി.വി സാമിയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടൻ മോഹന്‍ലാല്‍. പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതിലും രണ്ടാം വീടായി കരുതുന്ന കോഴിക്കോട് വച്ച് അവാര്‍ഡ് ലഭിച്ചതിലും സന്തോഷം. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയോടെ അല്ല സിനിമയിലെത്തിയത്. എത്ര കാലമുണ്ടാകും എന്നതില്‍ അജ്ഞനാണ്. എത്ര കാലം നിങ്ങള്‍ കൂടെ ഉണ്ടാവുമോ അത്ര കാലം ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
ഞാന്‍ ഏറെ ബഹുമാനിക്കുന്ന പി.വി സാമിയുടെ പേരില്‍ ഒരു പുരസ്കാരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നു. സ്വന്തം കുടുബം പോലെ എനിക്ക് അടുപ്പമുള്ള കുടുംബമായിരുന്നു പി.വി സാമിയുടേത്. മലയാള സാഹിത്യത്തിന്റെയും ഭാഷയുടേയും ആചാര്യനായ എം.ടി വാസുദേവന്‍ നായരില്‍ എന്ന് ഏറ്റുവാങ്ങാന്‍ സാധിച്ചത് വലിയ അംഗീകാരമായി തോന്നുന്നു. ഞാന്‍ ഗംഗേട്ടന് എന്ന് വിളിച്ചിരുന്ന പി.വി ഗംഗാധരന്റെ സ്നേഹം ഈ പുരസ്കാരത്തില്‍ നിറഞ്ഞു നില്ക്കുന്നു. എന്റെ പത്താമത്തെ ചിത്രമായ അഹിംസ നിര്‍മിച്ചത് ഗംഗേട്ടനായിരുന്നു. ഇതെല്ലാം സംഭവിക്കുന്നത് ഞാന്‍ എന്റെ രണ്ടാമത്തെ വീടായി കരുതുന്ന കോഴിക്കോട് വച്ചാണ് എന്നതാണ് മറ്റൊരു വലിയ കാര്യം.
കോവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്താണ് ഈ പുരസ്കാരം എനിക്ക് പ്രഖ്യാപിച്ചത്. പിന്നീട് ലോകം ആകെ നിശ്ചലമായി. രോഗം വഴിമാറിയപ്പോള്‍ ഞാന്‍ എന്റെ യാത്രകളുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഉണ്ടായിരുന്നില്ല. കോഴിക്കോട് വച്ചു തന്നെ ഈ പുരസ്കാരം ഏറ്റുവാങ്ങുന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ഇന്ന് ഈ പുരസ്കാരം ഞാന്‍ ഏറ്റുവാങ്ങുമ്പോള്‍ എന്റെ പ്രിയപ്പെട്ട ഗംഗേട്ടനില്ല. ഗംഗേട്ടന് എല്ലാം കണ്ടുകൊണ്ട് എന്റെ അടുത്ത് നില്ക്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ നമസ്കരിക്കുന്നു.
എനിക്ക് മുന്‍പേ ഈ പുരസ്കാരം ഏറ്റുവാങ്ങിയ ഒരുപാട് പ്രതിഭകളുണ്ട്. അക്കൂട്ടത്തില്‍ ഞാന്‍ ഏറെ സ്നേഹിക്കുന്ന മമ്മൂട്ടിക്കായുമുണ്ട് (മമ്മൂട്ടി). ഏത് മേഖലയിലുള്ളവരാണെങ്കിലും ഒരോ പുരസ്കാരവും നമ്മുടെ ഉത്തരവാദിത്തത്തെയും ജാഗ്രതയെയും വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഞാന്‍ സിനിമയുടെ ഭാഗമാണ്. ഒരുപാട് മോഹിച്ച് അലഞ്ഞു നടന്ന ആളല്ല ഞാന്‍. എന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങള്‍ യാദൃശ്ചികമായി സംഭവിച്ചതാണ്. എന്റെ കൂട്ടുകാരാണ് ആദ്യമായി എന്നെ ഒരു മൂവീ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവന്നത്. അവരാണ് എനിക്ക് പിടിച്ച് നില്ക്കാന് താങ്ങായത്. എനിക്ക് ലഭിച്ച ഓരോ പുരസ്കാരങ്ങളും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.
സിനിമയിലെത്തിയതിന് ശേഷം എന്റെ കലാജീവിതം കാലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നു. ഈ വേദിയിരിക്കുന്ന സത്യന് അന്തിക്കാടിനെയും എം.ടി സാറിനെയും പോലുള്ള ഒരുപാട് പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വലിയ എഴുത്തുകാരും സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്നാണ് എന്നിലെ നടനെ സൃഷ്ടിച്ചത്. ഞാന്‍ ആ കഥാപാത്രങ്ങള്‍ക്ക് ജീവന് കൊടുക്കുകയായിരുന്നില്ല, എന്നിലെ കഥാപാത്രങ്ങള്‍ക്ക് അവര്‍ ജീവന് നല്‍കുകയായിരുന്നുവെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു.
കഴിഞ്ഞ നാലരപതിറ്റാണ്ടായി എന്നെ കണ്ടുകൊണ്ടിരുന്ന മലയാളികള്‍, നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഒരു അഭിനേതാവെന്ന നിലയില്‍ ദീര്‍ഘദൂരങ്ങള്‍ താണ്ടാന്‍ എനിക്ക് ശക്തിയായത്. എത്രയോ അഭിമുഖങ്ങളില്‍ എന്നോട് ചോദിച്ചിട്ടുണ്ട്, താങ്കള്‍ എത്രകാലം ഈ രംഗത്തുണ്ടാകുമെന്ന്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളോടെയല്ല ഞാന്‍ ഈ രംഗത്തേക്ക് വന്നത്. അതുകൊണ്ട് എന്റെ മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഞാന്‍ അജ്ഞനാണ്. എന്നോടൊപ്പം നിങ്ങള്‍ നില്ക്കുന്ന കാലത്തോളം ഞാന്‍ ഇവിടെയുണ്ടാകും എന്നേ എനിക്ക് പറയാന്‍ കഴിയൂ. ഒരിക്കല്‍ കൂടി ഞാന്‍ ഈ അവസരത്തില്‍ പ്രിയപ്പെട്ട പി.വി സ്വാമിയെ ഓര്‍ക്കുന്നു, അദ്ദേഹത്തിന്റെ പത്നിയെ ഓര്‍ക്കുന്നു, ഗംഗേട്ടനെ ഓര്‍ക്കുന്നു. ഈ പുരസ്കാര ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച ചന്ദ്രേട്ടനെ (പി.വി ചന്ദ്രന്) ഓര്‍ക്കുന്നു. എന്റെ ജീവിതത്തിലെ ഈ നല്ല മുഹൂര്‍ത്തത്തിന് സാക്ഷിയായ നിങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു. ജയ് ഹിന്ദ്.
എം.വി. ശ്രേയാംസ് കുമാര്‍, ഡോ. സി.കെ. രാമചന്ദ്രന്, സത്യന് അന്തിക്കാട്, എന്നിവരടങ്ങിയ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററും പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായ പി.വി. ചന്ദ്രന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ലാലിന് അവാര്‍ഡ് നല്കാന് കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]