
ഈ വർഷം ആരാധകർ ഏറ്റവുംകൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. റിലീസാവാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തേക്കുറിച്ചും നായകൻ പ്രഭാസിനേക്കുറിച്ചും മറ്റൊരു പ്രധാനവേഷത്തിലെത്തിയ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. പ്രഭാസിന് സ്വന്തം താരമൂല്യത്തേക്കുറിച്ച് അറിയില്ലെന്നാണ് പൃഥ്വി പറഞ്ഞത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തെ പ്രശസ്ത വെബ് സീരീസായ ഗെയിം ഓഫ് ത്രോൺസിനോടാണ് പൃഥ്വിരാജ് ഉപമിച്ചത്.
പ്രഭാസ് വളരെ മാന്യനായ വ്യക്തിയാണെന്ന് ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു. വലിയൊരു താരമാണ് പ്രഭാസ്. എന്നാൽ അദ്ദേഹത്തിന് സ്വന്തം താരമൂല്യത്തേക്കുറിച്ച് അറിയില്ല. സെറ്റിലുണ്ടെങ്കിൽ ഏറ്റവും ഒടുവിൽ ഇരിക്കുന്നയാളാണ് പ്രഭാസ്. ഇരിക്കാൻ മറ്റൊരാൾക്ക് കസേരയില്ലെങ്കിൽ സ്വന്തം കസേര നൽകിയിട്ട് നിൽക്കും. മറ്റൊരു ഇൻഡസ്ട്രിയിലാണെന്ന തോന്നൽ പോലും ഉണ്ടായിരുന്നില്ല. മറ്റൊരാളാണ് ഈ സിനിമയിലെ പ്രധാന താരമെന്ന കാര്യം മനസിൽപ്പോലും കടന്നുവന്നില്ല. തങ്ങൾക്കിരുവർക്കും സിനിമയിലുടനീളം തുല്യ സ്ക്രീൻസമയം ഉണ്ടെന്നും പൃഥ്വി വ്യക്തമാക്കി.
എങ്ങനെയുള്ള ചിത്രങ്ങളാണ് ചെയ്യാൻ താത്പര്യമെന്ന് പ്രഭാസ് തന്നോട് ചർച്ച ചെയ്തിരുന്നെന്നും പൃഥ്വി പറഞ്ഞു. “എങ്ങനെയുള്ള ചിത്രങ്ങളാണ് ഭാവിയിൽ ചെയ്യാൻ താത്പര്യമെന്നുചോദിച്ചപ്പോൾ ബാഹുബലിക്ക് ശേഷം ഒരു കുരുക്കിൽപ്പെട്ടതുപോലെയാണ് തോന്നുന്നതെന്നായിരുന്നു പ്രഭാസ് പറഞ്ഞത്. എപ്പോഴും 400-500 കോടി മുതൽമുടക്കുള്ള ചിത്രങ്ങൾ ചെയ്യാൻ അവസരങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ ഒരു നടനെന്ന രീതിയിൽ വ്യത്യസ്തതമായത് ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു പ്രണയകഥയോ കോമഡി ചിത്രമോ ചെയ്യാനൊക്കെ ആഗ്രഹമുണ്ടെന്നാണ് പ്രഭാസ് പറയുന്നത്. അദ്ദേഹത്തേപ്പോലൊരാൾ അങ്ങനെ ചിന്തിക്കുന്നത് നല്ല കാര്യമാണ്.” പൃഥ്വി ചൂണ്ടിക്കാട്ടി.
ആക്ഷനും വലിയ സെറ്റുമെല്ലാമുണ്ടെങ്കിലും എല്ലാത്തിലുമുപരിയായി സലാർ ഡ്രാമാ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രമാണ്. ഗെയിം ഓഫ് ത്രോൺസ് പോലെയാണ് സലാർ തനിക്ക് തോന്നുന്നതെന്ന് പ്രഭാസിനോട് ഇടയ്ക്കിടെ പറയുമായിരുന്നു. പ്രഭാസിന് ഇത്തരം ചിത്രങ്ങൾ ചെയ്യാൻ പറ്റിയ സമയമാണിതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
‘കെജിഎഫ്’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘സലാർ’. രണ്ട് മണിക്കൂറും 55 മിനിറ്റും ദൈർഘ്യമുള്ള ചിത്രം ഒരു ആക്ഷൻ ചിത്രത്തേക്കാളുപരി രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരദരാജിൻറെ ബാല്യകാല സുഹൃത്ത് ദേവ എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് നായിക. ഇവർക്ക് പുറമെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രവി ബസ്രുർ ആണ് സംഗീതസംവിധാനം. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ ഉജ്വൽ കുൽക്കർണി ആണ്. ഹോംബാലെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാർ നിർമിക്കുന്നത്. സലാർ കേരളത്തിൽ ഡിസംബർ 22ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തിയേറ്ററുകളിൽ എത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]